എറണാകുളം: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. രക്ത സാമ്പിൾ പരിശോധന ഫലം പോലീസിന് ലഭിച്ചതോടെയാണ് പ്രതിയുടെ ശരീരത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് വ്യക്തമായത്. ഇതിനുപുറമെ പ്രതി മറ്റ് ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ കൂടുതൽ വിശദമായ പരിശോധനകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിലെ മുഖ്യപ്രതിയായ സുഹൈലുമായി പോലീസ് ഇന്ന് അപകടസ്ഥലത്തും പരിസരങ്ങളിലും തെളിവെടുപ്പ് നടത്തി. അപകടമുണ്ടായ എയർപോർട്ട് റോഡിലും അപകടത്തിന് തൊട്ടുമുമ്പ് പ്രതികൾ സന്ദർശിച്ച ബാറുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്. മൂന്ന് ജീവനുകൾ അപഹരിച്ച എയർപോർട്ട് റോഡിലേക്ക് ആദ്യം പ്രതിയെ കൊണ്ടുവന്നുവെങ്കിലും, ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. തുടർന്ന് വാഹനത്തിലിരുന്ന് തന്നെ അപകടസ്ഥലവും വാഹനം നിർത്തിയ ഭാഗവും സുഹൈൽ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു.
സ്ഥലത്തെ തെളിവെടുപ്പ് വേഗത്തിൽ പൂർത്തിയാക്കിയ ശേഷം പ്രതിയെ നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. പ്രതികൾ അപകടത്തിന് മുൻപ് അവസാനമായി മദ്യപിച്ചത് ഈ ബാറിലായിരുന്നു. ബാറിലെ തെളിവെടുപ്പ് ഏറെനേരം നീണ്ടുനിന്നു. കേസിന്റെ സമഗ്രമായ അന്വേഷണത്തിന്റെ ഭാഗമായി പ്രതികൾ സന്ദർശിച്ച മറ്റ് ബാറുകളിലും വരുംദിവസങ്ങളിൽ പോലീസ് തെളിവെടുപ്പ് തുടരും.
നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനാ ഫലം