Logo
Thu, Jul 30, 2026 • 07:34 AM
LIVE TV
Watch

No business videos available

No Middle East videos available

പെയ്‌തൊഴിയാത്ത ഓര്‍മ്മകള്‍, തളരാത്ത ആത്മവീര്യം; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 30, 2026
1 min read
SHARE:
SAVE: Login to save

പെയ്‌തൊഴിയാത്ത ഓര്‍മ്മകള്‍, തളരാത്ത ആത്മവീര്യം; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

ഉരുള്‍പൊട്ടിയൊഴുകിയ കടലാസുപോലെ ചിന്നിച്ചിതറിയ ജീവിതങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് വയനാട് ആ ദിനത്തെ വീണ്ടും ഓര്‍ത്തെടുക്കുകയാണ്. നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍, പുത്തുമലയിലെ 'ഹൃദയഭൂമി'യില്‍ ഉയരുന്ന പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ കേവലം ഒരു അനുസ്മരണമല്ല, അത് മരണത്തെ മുഖാമുഖം കണ്ട ഒരു ജനതയുടെ അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും ഒച്ചകൂടിയാണ്.

2024 ജൂലൈ 30-ന്റെ ആ കറുത്ത പുലരിയില്‍ വിങ്ങിപ്പൊട്ടിയ മലനിരകള്‍ കവര്‍ന്നത് 298 ജീവനുകളായിരുന്നു. കാണാമറയത്തേക്ക് ഒലിച്ചുപോയ 32 പേര്‍ ഇന്നും ബന്ധുക്കളുടെ വിതുമ്പുന്ന ഓര്‍മ്മകളില്‍ ജീവിക്കുന്നു. ഉറ്റവരും ഉടയവരും ഇല്ലാത്ത വെറും മണ്ണിലേക്ക് വീണുപോയ മനുഷ്യര്‍ക്ക്, കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പു മാത്രമായിരുന്നില്ല. ഒലിച്ചുപോയ വീടിന് പകരം ഒരു തലചായ്ക്കാനിടം, നഷ്ടപ്പെട്ട ജീവിതമാര്‍ഗ്ഗത്തിന് പകരം ഒരു കൈത്താങ്ങ്... അങ്ങനെ ഓരോന്നിനും വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃകാ ടൗണ്‍ഷിപ്പില്‍ അഞ്ച് സോണുകളിലായി ഉയര്‍ന്നുവരുന്ന 451 വീടുകള്‍ ഈ നാടിന് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ സ്വന്തം എന്ന് വിളിക്കാവുന്ന പുതിയ വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ വീടുകള്‍കൂടി പൂര്‍ത്തിയാകുന്നതോടെ ഇനിയും നിരവധി കുടുംബങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ സുരക്ഷിതമായ മേല്‍ക്കൂര ലഭിക്കും. സര്‍ക്കാരിന് പുറമെ മുസ്ലിം ലീഗ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയ സന്നദ്ധ-സാമൂഹിക പ്രസ്ഥാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളും അതിജീവനത്തിന്റെ വലിയ മാതൃകകളായി മുന്നിലുണ്ട്. അടിസ്ഥാന സൗകര്യ വികസനവും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുനരുദ്ധാരണവും പതുക്കെയാണെങ്കിലും പുരോഗമിക്കുന്നു.

ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ച് പുത്തുമലയിലെ 'ഹൃദയഭൂമി'യില്‍ ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും അനുസ്മരണവും നടക്കും. ദുരന്തബാധിതര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സൗജന്യ സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10