മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌പോണ്‍സര്‍ വന്‍തോതില്‍ ധനസമാഹരണം നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തി. സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയ പണം അദ്ദേഹത്തിന്റെ സ്വന്തമല്ലെന്നും, പുറത്തുള്ള രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 206 കോടിയോളം രൂപ എത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
തുകയുടെ കൈമാറ്റത്തില്‍ വലിയ രീതിയിലുള്ള സംശയങ്ങളും ക്രമക്കേടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ഭീമമായ തുക ലഭിച്ചതുമായി ബന്ധപ്പെട്ട് വായ്പാരേഖകളോ കൃത്യമായ നികുതി രേഖകളോ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ സാമ്പത്തിക ഇടപാടില്‍ കേന്ദ്ര ഏജന്‍സിയുടെ വിശദമായ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു.
രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചതെങ്കിലും ഇവ വായ്പയായി നല്‍കിയതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ല. അക്കൗണ്ടിലെത്തിയ പണം ഉടന്‍ തന്നെ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. സ്‌പോണ്‍സറുടെ അക്കൗണ്ട് കേവലം ഒരു ഇടനില അക്കൗണ്ട് ആയി പ്രവര്‍ത്തിച്ചോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. ഫെമ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മെസ്സി വിവാദം: സ്‌പോണ്‍സര്‍ നടത്തിയത് വന്‍ ധനസമാഹരണം; കൈമാറിയ പണം സ്‌പോണ്‍സറുടേതല്ലെന്ന് ജിഎസ്ടി; അക്കൗണ്ടിലെത്തിയത് 206 കോടി