മുംബൈ: എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിലുള്ള വൈരാഗ്യത്തില്‍ കാമുകിയുടെ വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലാണ് സംഭവം. പ്രതിയായ ദിപേഷ് റസ്തോഗിയെ മന്‍പാഡ പൊലീസ് അറസ്റ്റ് ചെയ്തു.
ഡോംബിവ്ലിയിലെ ഒരു പ്രമുഖ പാര്‍പ്പിട മേഖലയില്‍ താമസിക്കുന്ന യുവതിയും ദിപേഷും തമ്മില്‍ ഏകദേശം എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, കാലക്രമേണ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിക്കുകയുമായിരുന്നു. ഈ തീരുമാനം യുവതി ദിപേഷിനെ അറിയിച്ചതോടെ പ്രകോപിതനായ ഇയാള്‍ വീടിന് തീയിടുകയായിരുന്നു.
അപ്രതീക്ഷിതമായി തീ പടര്‍ന്നത് വീട്ടുകാരില്‍ പരിഭ്രാന്തി പരത്തിയെങ്കിലും യുവതിയും മാതാപിതാക്കളും കൃത്യസമയത്ത് പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് മന്‍പാഡ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണോ പ്രതി വീടിന് തീയിട്ടതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മന്‍പാഡ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സന്ദീപന്‍ ഷിന്‍ഡെ അറിയിച്ചു.
പ്രണയബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായി കാമുകിയുടെ വീടിന് തീയിട്ടു; യുവാവ് അറസ്റ്റിൽ