മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി ഥാറിന്റെ 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിനിടെ പകർത്തിയ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
പുതിയ ഥാറിന്റെ ഡിസൈനിൽ ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പുതുക്കിയ ഫ്രണ്ട് ഗ്രില്ലായിരിക്കും പ്രധാന മാറ്റങ്ങളിലൊന്ന്. വട്ടത്തിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് ഇരുവശത്തുമായി നൽകിയിരിക്കുന്ന പുതിയ ഫൈവ്-സ്ലോട്ട് ഡിസൈൻ മുൻവശത്തെ രൂപകൽപ്പനയ്ക്ക് വ്യത്യസ്തമായ ഭാവം നൽകും.
മുൻവശത്തെ ഫെൻഡറുകളിലും പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുണ്ട്. ഇവയിൽ പൊസിഷൻ ലാമ്പുകൾ ക്രമീകരിച്ചിരിക്കുന്നതായാണ് പുറത്തുവന്ന പരീക്ഷണ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പുതിയ 5-സ്‌പോക്ക് അലോയ് വീലുകളും ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈൻ മാറ്റങ്ങളിൽ ഉൾപ്പെടും.
ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും പുതിയ ഥാറിന്റെ മെക്കാനിക്കൽ സംവിധാനങ്ങളിൽ വലിയ പരിഷ്‌കരണങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ മോഡലിൽ ലഭ്യമായ അതേ എൻജിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റിലും തുടരുക.
2.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 2.2 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. ഇവ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചായിരിക്കും എത്തുക.
പുതിയ ഡിസൈൻ മാറ്റങ്ങളിലൂടെ ഥാറിന്റെ ജനപ്രീതി കൂടുതൽ ഉയർത്തുകയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്
പുതിയ ലുക്കിൽ മഹീന്ദ്ര ഥാർ; 3-ഡോർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്