തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് ഭേദഗതി കേസുകളുടെ നടപടി ക്രമങ്ങളെ ബാധിക്കില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സിറിയക് ജോസഫിന്റെ പ്രതികരണം.
കേസ് പരിഗണിക്കവേ, ഓർഡിനൻസ് ഭേദഗതി വരുന്നതിനാൽ ഈ കേസിൽ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാരോണ്‍ അൽ റഷീദ് ചോദിച്ചു. ഓർഡിനൻസ് ഭേദഗതി വരുന്നത് കേസുകൾ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നു ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. കേസിൽ വിധി പുറപ്പെടുവിക്കുംവരെ ലോകായുക്തയുടെ അധികാരം നിയമാനുസൃതം പോകും. പിന്നീട്, വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചാണ് ഓർഡിനൻസ് ഭേദഗതി ബാധകമാകുന്നത്. ലോകായുക്ത നിയമത്തിലെ സെക്‌ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ട്. റിപ്പോര്‍ട്ട് എന്ത് ചെയ്യണമെന്ന ചോദ്യം പിന്നീടാണ് ഉയരുന്നതെന്നും സിറിയക് ജോസഫ് പറഞ്ഞു.
മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ല. വഴിയരികില്‍ എല്ല് കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് എടുക്കാനാണെന്ന് അത് കരുതും. പട്ടി എല്ല് കടിച്ച് കൊണ്ടേയിരിക്കും. നമുക്ക് അതില്‍ കാര്യമില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.
ദുരിതാശ്വാസ നിധി സംബന്ധിച്ച വിഷയം മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയിൽ വന്നില്ലെന്ന ഹർജിക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വാദിച്ചു. ഏകപക്ഷീയമായ തീരുമാനമല്ല, മന്ത്രിസഭ പരിഗണിച്ചശേഷമാണ് തുക അനുവദിച്ചത്. ദുരിതാശ്വാസനിധിയിലെ പണം വിനിയോഗിക്കാനുള്ള പൂർണ സ്വാതന്ത്യം സർക്കാരിനുണ്ട്. ഈ കേസിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി സമർപിച്ച സ്റ്റേറ്റ്മെന്റിൽ പറഞ്ഞു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് ആരാണെന്ന് സ്പെഷൽ അറ്റോർണിയോട് ലോകായുക്ത ചേദിച്ചു. റവന്യൂ വകുപ്പാണെന്നും അവരാണ് ഉത്തരവിറക്കിയതെന്നും സ്പെഷൽ അറ്റോർണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ചട്ടങ്ങള്‍ ലംഘിച്ച് മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടേയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുന്‍ സർവകലാശാല ജീവനക്കാരനായ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.