ജയ്പുർ: രേഖപ്പെടുത്തിയ അളവിലും കുറവ് ഭാരത്തിൽ ചിപ്സ് നൽകിയ സംഭവത്തിൽ നിർമ്മാതാക്കളായ പെപ്‌സികോ ഇന്ത്യയ്ക്ക് പിഴ ചുമത്തി ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ജയ്പുരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് വിധി. 2020 നവംബർ 10-ന് മെട്രോ കാഷ് ആൻഡ് കാരി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ 'ലേസ്' പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ ഭാരക്കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്.
പാക്കറ്റിൽ 15 ഗ്രാം തൂക്കം രേഖപ്പെടുത്തിയിരുന്നെങ്കിലും തുറന്ന് തൂക്കി നോക്കിയപ്പോൾ 4 ഗ്രാം ചിപ്സ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടമയെ വിവരമറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് 2022 ഏപ്രിലിലാണ് ചന്ദ്രമൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കേസിൽ നോട്ടീസ് അയച്ചിട്ടും പെപ്‌സികോ ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. ഉത്പന്നത്തിന്റെ ഭാരക്കുറവിന്റെ ഉത്തരവാദിത്തം പൂർണമായും നിർമാതാക്കൾക്കാണെന്ന ചില്ലറ വിൽപനക്കാരുടെ വാദവും കോടതി ശരിവെച്ചു.
ചിപ്സ് പാക്കറ്റിന്റെ വിലയായ 5 രൂപ 2022 ഏപ്രിൽ 6 മുതൽ 6% വാർഷിക പലിശയോടെ പരാതിക്കാരന് മടക്കി നൽകണമെന്ന് അശോക് ശർമ്മ പ്രസിഡന്റായ ജയ്പൂർ ഉപഭോക്തൃ കമ്മീഷൻ നിർദേശിച്ചു. ഇതിനുപുറമേ, പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് 5,000 രൂപ നഷ്ടപരിഹാരവും കേസ് ചെലവിലേക്ക് 3,000 രൂപയും ഉൾപ്പെടെ ആകെ 8,000 രൂപ പെപ്‌സികോ നൽകണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ തുകയ്ക്ക് 6% വാർഷിക പലിശ ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
15 ഗ്രാം ലേസ് പാക്കറ്റിൽ ഉണ്ടായിരുന്നത് 4 ഗ്രാം ചിപ്സ് മാത്രം; പെപ്സികോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി