കൊച്ചി: ധനവകുപ്പിന് വിമർശനവുമായി കെഎസ്‌ആര്‍ടിസി. ശമ്പളം നല്‍കാന്‍ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്‍റെ അനുകൂല നിലപാട് ഉണ്ടായില്ല. 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ധന വകുപ്പ് പണം നല്‍കിയില്ല. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തതെന്ന് കെഎസ്‌ആര്‍ടിസിക്ക് അറിയില്ല. സര്‍ക്കാര്‍ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നല്‍കി. ഇതോടെ ശമ്പളം നല്‍കാന്‍ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നും കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കെഎസ്ആർടിസി ഹൈക്കോടതിയില്‍ സാവകാശം തേടി. ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.
വിഷയത്തില്‍ വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തൊഴിലാളി യൂണിയനുകള്‍ക്കുണ്ട്. ഭരണാനുകൂല തൊഴിലാളി സംഘടനകള്‍ പോലും മന്ത്രിക്കെതിരെ രംഗത്തെത്തി. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ മന്ത്രി അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.