തിരുവനന്തപുരം : ആള്‍ക്കൂട്ടത്തെ അണിനിരത്തിയുള്ള സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍. സംസ്ഥാന ഗവർണറുടെ ഔദ്യോഗിക വസതിയിൽ ലളിതമായി നടത്താന്‍ കഴിയുന്ന ചടങ്ങാണ് അത്യാഘോഷമാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'മരുന്നിനും വായുവിനുമായി മനുഷ്യൻ നെട്ടോട്ടമോടുന്ന ഈ വേളയിൽ പാവപ്പെട്ടവന്റെ സർക്കാർ 80000 സ്ക്വയർ ഫീറ്റ് പന്തൽ കെട്ടി അധികാര തുടർച്ചയുടെ അരിയിട്ട് വീഴ്ച നടത്തുന്നു. മറ്റ് ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അവരുടെ നാട്ടിലെ രാജ്ഭവനുകളിൽ അൻപതിൽ താഴെ ആളുകളുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങുകൾ കണ്ടിട്ടും നമുക്ക് ലോകം നാം പണിയും എന്ന വാശിയിൽ നടത്തുന്ന ഈ പേക്കൂത്ത് നാടകം ജനങ്ങൾ അംഗീകരിക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ടോ. നിങ്ങളുടെ പാർട്ടിയിൽ നിങ്ങളെ ചുമക്കാൻ വിധിക്കപ്പെട്ട ആ അടിമക്കൂട്ടം പോലും ചിലപ്പോൾ ഇത് അംഗീകരിക്കില്ല'- അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതൊരു മൂന്നാം പൂട്ടിലെ പട്ടാഭിഷേകംകല്യാണത്തിന് 20 പേർമരണത്തിന് 20 പേർപതിനാറടിയന്തിരത്തിന് 10 പേർതിരണ്ട് കല്യാണത്തിന് 5 പേർകേരളത്തിലെ സാധാരണക്കാരന്റെ ജീവിതത്തിന് ഇന്ന് ശരാശരി കൽപ്പിച്ച്കൂട്ടിയിരിക്കുന്ന കണക്കാണ് മേൽ സൂചിപ്പി രിക്കുന്നത്. ഈ മാസം 20ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. തലസ്ഥാന നഗരത്തിലെ പ്രധാന കളി സ്ഥലത്താണ് .ഏതാണ്ട് 750 പേരെ ക്ഷണിച്ചു വരുത്തിപുതിയ സർക്കാരിന്റെ തുടർഭരണ ആഘോഷം. സംസ്ഥാനമാകെ അത്യധികം വേഗത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ മഹാവ്യാധി കാലത്തും ആഘോഷങ്ങളില്ലാതെ ഞങ്ങൾക്ക് എന്ത് പ്രതിജ്ഞ എന്ന മട്ടിലാണ് ഭരണപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്ത് ശീലമാക്കിയ പ്രധാനികൾ. വളരെ കുറച്ച് പേരെ മാത്രമാണ് സംഘാടകർ നേരിട്ട് ക്ഷണിച്ച് വരുത്തുന്നത്. (സാമൂഹിക-സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ) 40000 പേർക്ക് ഇരിക്കാവുന്ന കളിസ്ഥലത്ത് 750 പേർ ഇരുന്നു സാമൂഹിക അകലം പാലിച്ചാൽ കുഴപ്പം ഇല്ലാ എന്നാണ് സംസ്ഥാന ചുമതലക്കാരനായ മുഖ്യ പ്രധാനി ഇന്നലെ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചത്. കുഴപ്പം നിങ്ങൾക്കില്ലല്ലോ? അത് സാധാരണ ജനങ്ങൾക്കല്ലേ. അതുമല്ലങ്കിൽ ഇനി അവർ എന്തിന്. നിങ്ങൾ നൽകിയ ഔദാര്യം പറ്റി നിങ്ങൾക്ക് വീണ്ടും തുടർഭരണം നൽകിയവർ നാടിന്റെ നാനാ ഭാഗത്തും ഈ ദുരിതകാലത്ത് നെട്ടോട്ടം ഓടുന്നു. അവർ നൽകിയ വിജയത്തിന്റെ അഹന്തയിലും ,ഉന്മാദത്തിലും മതിമറന്നു നിൽക്കുകയാണ് നിങ്ങൾ. നമ്മുടെ സംസ്ഥാനം മരണ വീടിന് സമാനമായി മൂകമായിരിക്കുന്നു. എവിടെയും മരണത്തിന്റെ കാലൊച്ച മാത്രം. ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് പോയിട്ട് കിടക്കാൻ കിടക്കയോ കീറ പായോ ഇല്ലാത്ത അവസ്ഥ. ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കുന്ന് കൂടുന്നു. മൃതശരീരങ്ങൾ അടക്കും ചെയ്യാൻ ശ്മശാന ഭൂമികളിൽ ഉറ്റവർ കാത്ത് നിൽക്കുന്നു. നഗരങ്ങൾ ആംബുലസിന്റെ നിലവിളി ശബ്ദത്താൽ മുഖരിതമാകുന്നു .ജീവിതത്തിനും മരണത്തിനും ഇടയിലൂടെ പാവപ്പെട്ടവന്റെ നിലവിളി തുടരുന്നു .ദൈവത്തിന്റസ്വന്തം നാട് ചെകുത്താൻ കയറിയ വീടിന് സമയമായിരിക്കുന്നു. ഇതാണ് ഇന്ന് കേരളത്തിന്റെ ദുരവസ്ഥ. ഈ അവസ്ഥയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യരുതെന്നല്ല ,ഭരണഘടനാപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആരും തെറ്റ് പറയില്ല. സംസ്ഥാന ഗവർണറുടെ ഔദ്യോഗിക വസതിയിൽ ലളിതമായി നടത്തുവാൻ കഴിയുന്ന ഈ ചടങ്ങ് ഒരു അത്യാഘോഷമാക്കി മാറ്റുന്നു എന്ന് പറയുന്നിടത്താണ് ആളുകൾ അസ്വസ്ഥരാകുന്നത്. മരുന്നിനും വായുവിനുമായി മനുഷ്യൻ നെട്ടോട്ടമോടുന്ന ഈ വേളയിൽ പാവപ്പെട്ടവന്റെ സർക്കാർ 80000 സ്ക്വയർ ഫീറ്റ് പന്തൽ കെട്ടി അധികാര തുടർച്ചയുടെ അരിയിട്ട് വീഴ്ച നടത്തുന്നു. മറ്റ് ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അവരുടെ നാട്ടിലെ രാജ്ഭവനുകളിൽ അൻപതിൽ താഴെ ആളുകളുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങുകൾ കണ്ടിട്ടും നമുക്ക് ലോകം നാം പണിയും എന്ന വാശിയിൽ നടത്തുന്ന ഈ പേക്കൂത്ത് നാടകം ജനങ്ങൾ അംഗീകരിക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ടോ. നിങ്ങളുടെ പാർട്ടിയിൽ നിങ്ങളെ ചുമക്കാൻ വിധിക്കപ്പെട്ട ആ അടിമക്കൂട്ടം പോലും ചിലപ്പോൾ ഇത് അംഗീകരിക്കില്ല. സാധാരണക്കാരനോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങിയാൽ അവൻറെ കരണം അടിച്ചു പുകച്ച് പ്രതിയാക്കുമെന്നും ഭരണകൂട മാർഗ്ഗനോപകരണമായ പോലീസിനെക്കൊണ്ട് അവരുടെ ഭാഷയിൽ പറയിപ്പിച്ച് സംസ്ഥാനത്തിന്റെ വാതിലടച്ച് കുറ്റിയിട്ട് അവൻ്റെ സഞ്ചാര സ്വാതന്ത്ര്യം വരെ നിങ്ങളുടെ ഔദാര്യത്തിലാണെന്ന് വരുത്തിയിട്ട് അവരെ അകത്തിട്ട് പൂട്ടി, നിങ്ങൾ പുറത്തു നിന്ന് സാമൂഹിക അകലം പാലിച്ച് നടത്തുന്ന കേക്ക് മുറിക്കലും, സദ്യ കൂടലും, അത്താഴ വിരുന്നും, സത്യപ്രതിജ്ഞകളുമൊക്കെ. എന്നിട്ട് നിങ്ങൾ പറയുന്നു ഇത് ജനങ്ങൾക്ക് വേണ്ടിയാണെന്ന്. അവരുടെ സുരക്ഷിതത്വത്തിലാണെന്ന് . ഇങ്ങനെ എത്ര നാൾ അവരെ വിഡ്ഢിയാക്കും. ഇന്നലെ ടെലിവിഷൻ പരിപാടിയിൽ സാരോപദേശം നൽകിയ ആൾ തന്നെയാണ് കഴിഞ്ഞ നാളുകളിൽ ഇത്തരം ലംഘനങ്ങൾ നടത്തിയത്. കഴിഞ്ഞ മാസം അദ്ദേഹം കേരളം മുഴുവൻ നിറത്തു നിന്നാടിയ പരിപാടികളിൽ , നിങ്ങൾ നിങ്ങൾക്കായി സൃഷ്ടിച്ച ജനക്കൂട്ടങ്ങളിൽ , അതിന് നടുവിൽ നിന്ന് നിങ്ങൾ നടത്തിയ പ്രഘോഷങ്ങളിൽ ഒന്നിൽ പോലും ഇന്ന് നിങ്ങളെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിക്കുന്ന ഈ രീതി പാലിക്കാൻ നിങ്ങളോ നിങ്ങളുടെ പാർശ്വ വർത്തികളോ ശ്രദ്ധിച്ചില്ലല്ലോ ?അതിനുശേഷം രോഗബാധിതനായി ആശുപത്രിയിലും, പിന്നീട് വീട്ടിലേക്കുള്ള മടക്കയാത്രയിലും നിങ്ങളും കുടുംബാംഗങ്ങളും ഈ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്തവർ, ഇന്ന് മാനദണ്ഡത്തിന്റെ അളവുകോൽ ഉപയോഗിച്ച് നടത്തുന്ന ഈ പൊതുജനാരോഗ്യ പരിപാലനനാടകം ആരെ കാണിക്കാൻ. നിങ്ങൾ 400 പേരെയോ , 40000 പേരെയോ വച്ച് പരിപാടി നടത്തിക്കോളൂ. അതിന് നിങ്ങൾക്ക് അവകാശം ഉണ്ടന്നല്ലേ പറയുന്നത് . നിങ്ങൾ പാലിക്കാത്ത സാമൂഹ്യ അകലം എന്ന വാക്ക് ഞങ്ങൾ പാലിക്കണം എന്ന് പറയാൻ നിങ്ങൾക്കെന്താണ് അവകാശം. നിങ്ങൾ പാലിക്കാത്ത നിയമങ്ങൾ ജനങ്ങളോട് പാലിക്കണം എന്ന് പറയുന്ന രീതി ,അധികാരത്തിന്റെ അതിരു തിരിക്കുന്നവർ നിങ്ങളായാൽ നിങ്ങൾ പറയുന്നതാവും നിയമമെന്ന് ഞങ്ങൾ കരുതണോ? അതോ ഇനി നിങ്ങൾ പിന്നാലെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്വേച്ഛാധിപത്യ രീതികളുടെ ഒരു ഡ്രസ്സ് റിഹേഴ്സൽ ആണോ ഇപ്പോൾ നടത്തന്ന സത്യപ്രതിജ്ഞാ പരിപാടി.