തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിരോധത്തില്‍. പാര്‍ട്ടിയില്‍ ആര്‍ക്കും പങ്കില്ലെന്ന വാദം ദുര്‍ബലം. അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്കും കടക്കുന്നു. സംസ്ഥാന സംഘടന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുക.
ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി എന്നീ ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്കും നീളുന്നത്. ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനോടു ഓഫീസ് സെക്രട്ടറി ഗിരീഷിനോടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. ഇത് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം ആർ.എസ്.എസ് നേതാവ് ധർമ്മരാജനെയും യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിനേയും ചോദ്യം ചെയ്തിരുന്നു.
മൂന്നര കോടി രൂപ വാഹനത്തിലുണ്ടായിരുനെന്നും സംസ്ഥാനത്തിന് പുറത്തു നിന്നാണ് പണം വന്നതെന്നും ഇതിലൂടെ വ്യക്തമായി. എങ്ങോട്ടാണ് പണം പോയത് എന്നതിനെക്കുറിച്ചും നിർണായക വിവരങ്ങൾ പൊലീസിൻ്റെ പക്കലുണ്ട്. ചോദ്യം ചെയ്യലുകളിലൂടെ സംഭവത്തിനു പിന്നിലെ സംസ്ഥാന നേതൃത്വത്തിൻ്റെ പങ്ക് വ്യക്തമായി. ഇതിനെ തുടർന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനോടും ബി.ജെ.പി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷിനോടും ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന ജില്ലാ നേതാക്കളെയും പൊലീസ് ചോദ്യം ചെയ്യും.