തൃശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പണവുമായി വന്ന സംഘത്തിന് തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു.
തൃശൂർ എം.ജി റോഡിലെ നാഷ്ണൽ ടൂറിസ്റ്റ് ഹോമിലാണ് മുറി എടുത്തത്. ഏപ്രിൽ 2 ന് വൈകീട്ട് ഏഴ് മണിയോടെ ബി ജെ പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് രണ്ട് റൂം ബുക്ക് ചെയ്തു. അന്ന് അർധ രാത്രിയോടെ ധർമരാജൻ, ഷംജീർ, റഷീദ് എന്നിവർ രണ്ട് വാഹനങ്ങളിലായി എത്തി. ഏപ്രിൽ മൂന്നിന് പുലർച്ചെ ഇവർ പോവുകയും ചെയ്തു. തുടർന്നാണ് കൊടകരയിൽ വെച്ച് പണവും കാറും തട്ടിയെടുക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ധർമരാജന്റെ ഡ്രൈവർ കൂടിയായ ഷംജീർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഈ സംഘം ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. പാർക്കിംഗ് ഏരിയ, റിസപ്ഷൻ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പണം കൊടുത്തു വിട്ട യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം. പണം കൊണ്ടു വന്ന ധർമരാജൻ, ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്ത എന്നിവരെയും വിളിച്ചു വരുത്തും. ഇവരുടെ മൊഴികളിലെ വൈരുധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്ന ബി ജെ പി സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരോട് രണ്ട് ദിവസത്തിനകം ഹാജരാകാൻ അന്വേഷണ സംഘം അന്ത്യശാസനം നൽകി.