തൃശൂർ : കൊടകര കുഴൽപണ കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക്. കേസിൽ മുഖ്യപ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
മുഖ്യ പ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസിലെ 19-ാം പ്രതിയാണ്. രഞ്ജിത്ത് ജയിലിൽ പോകുന്ന സമയത്ത് നൽകിയ 11 ലക്ഷം രൂപ കവർച്ച പണം ആണെന്ന് അറിഞ്ഞ് കൊണ്ടു തന്നെ ഒളിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. പുതിയ അന്വേഷണ സംഘം ഇതുവരെ 6 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. 4 പേരെ ജയിലിൽ പോയി കണ്ടും ചോദ്യം ചെയ്തിട്ടുണ്ട്.
മൂന്ന് പ്രതികൾക്ക് കൊവിഡ് ആയതിനാൽ ചോദ്യം ചെയ്യൽ നടന്നിട്ടില്ല. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ അർ എസ് എസ് പ്രവർത്തകൻ ധർമരാജനെ അന്വേഷണ സംഘം തൃശൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പണം കൊടുത്തുവിട്ടതായി സംശയിക്കുന്ന യുവമോർച്ച നേതാവ് സുനിൽ നായിക്കിനെയും പ്രത്യേക അന്വേഷണ സംഘം വരും ദിവസം ചോദ്യം ചെയ്യും.
25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി എങ്കിലും പോലീസ് ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ഏപ്രിൽ 3 നാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കാറും പണവും കവർന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ കാറിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.