മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ഉറപ്പ് നൽകി. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരള മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ചത്.
ഇരു സംസ്ഥാനങ്ങളും തമ്മിൽ തുടർചർച്ചകൾ നടത്തും
കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ പുനഃപരിശോധന വേണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെച്ചത്. വിഷയം പഠിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തി ഉടൻ തന്നെ അനുയോജ്യമായ തീരുമാനമെടുക്കാമെന്ന ധാരണയിൽ ഇരു മുഖ്യമന്ത്രിമാരും എത്തിച്ചേർന്നു. നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.