തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിനിർണ്ണയത്തിനായുള്ള വോട്ടെണ്ണൽ നാളെ (മേയ് 4) നടക്കും. തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറാണ് വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിലെ 3173 ബൂത്തുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്.
വോട്ടെണ്ണൽ സുഗമമാക്കാൻ 930 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിനും ഇവിഎം കൗണ്ടിംഗിനായി 12 മുതൽ 14 വരെ ടേബിളുകളും, പോസ്റ്റൽ ബാലറ്റുകൾക്കായി പ്രത്യേക ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം 17 മുതൽ 20 വരെ റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക ജില്ലാ ഇലക്ഷൻ ഓഫീസും മൂന്ന് ഹെൽപ്പ് ഡെസ്‌കുകളും വിദ്യാനഗറിൽ സജീവമായിരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സ്ഥാനാർത്ഥികളും ഏജന്റുമാരും തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണം. ഹാളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിരോധനമുണ്ട്. ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഇവിഎമ്മുകളിൽ സ്പർശിക്കാൻ പാടില്ലെന്നും രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും നിയന്ത്രണങ്ങളുണ്ട്; പൊതുവായ ദൃശ്യങ്ങൾ പകർത്താമെങ്കിലും ഇവിഎമ്മിലെ വോട്ടുകൾ വ്യക്തമാകുന്ന രീതിയിലുള്ള ദൃശ്യങ്ങൾ അനുവദിക്കില്ല.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കുടുംബശ്രീയുടെ ഫുഡ്കോർട്ടും വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാഷ്ട്രീയ ഏജന്റുമാർക്കായി ഭക്ഷണം കൊണ്ടുവരുന്ന വാഹനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർമാരിൽ നിന്ന് പ്രത്യേക പാസ് വാങ്ങേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനുള്ള 'ഇൻഡക്സ് കാർഡ്' തയ്യാറാക്കുന്നതിനുള്ള നടപടികളും വോട്ടെണ്ണലിന് പിന്നാലെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.