പത്തനംതിട്ട: കാലവർഷപ്പെയ്ത്ത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയ ആറന്മുള, റാന്നി
ഉൾപ്പെടെയുള്ള ദുരന്ത ബാധിത മേഖലകളിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന്
സന്ദർശനം നടത്തും. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന അദ്ദേഹം ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. കൂടാതെ മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായം സംബന്ധിച്ച തീരുമാനങ്ങള്‍ നാളെ ചേരുന്ന മന്ത്രി സഭായോഗത്തില്‍ കൈക്കൊള്ളും.
അതേസമയം ആറന്മുളയിൽ വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല.
മൂഴിയാർ ഡാം തുറന്നതിനാൽ വെള്ളം താഴുന്നതിന്റെ തോത് വളരെ കുറവാണ്. പല
വീടുകളിലും രണ്ടാം നിലയുള്ളതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
മാറാൻ തയ്യാറാകാതെ അവിടെത്തന്നെ തുടരുന്നുണ്ട്. വെള്ളം താഴുന്നതിന്റെ തോത്
കുറഞ്ഞുനിൽക്കുന്നതും ശക്തമായ മഴ പെയ്യാനുള്ള സാധ്യത നിലനിൽക്കുന്നതും
ആറന്മുളയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. തിരുവല്ല മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുമൂലപുരത്ത് സ്റ്റേറ്റ്
ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പമ്പ, മണിമല,
അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴയാണ്. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326 ശതമാനം അധികം). ലഭിക്കേണ്ടിയിരുന്നത് 60.4 മില്ലിമീറ്ററാണ്. കണ്ണൂരിൽ 227 ശതമാനം (207 ശതമാനം അധികം) മഴ പെയ്തു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നിലനിൽക്കും.തമിഴ്നാടിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. വിവിധ അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. നദീ പരിസരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം . കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചെറുവള്ളങ്ങളിൽ പോലും കടലിൽ പോകരുതെന്നാണ് നിർദേശം.