പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സഹായവും സേവനങ്ങളും ഒരുക്കുന്നതിനായി യൂത്ത് കോൺഗ്രസിന്റെയും ശബരി സേവാ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശബരിമല ഹെൽപ്പ് ഡെസ്ക് ശശി തരൂർ എം.പി സന്ദർശിച്ചു. ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, കഴിഞ്ഞ നിരവധി വർഷങ്ങളായി തീർത്ഥാടകർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന പ്രവർത്തകരെ അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട ഉൾപ്പെടെയുള്ള ഭാരവാഹികളുമായി സംവദിച്ച ശശി തരൂർ, ഭക്തർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് അയ്യപ്പഭക്തർക്കൊപ്പം അൽപ്പനേരം ചെലവഴിച്ച അദ്ദേഹം, ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്നദാന വിതരണത്തിലും പങ്കാളിയായി. തീർത്ഥാടകർക്ക് ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തകർ നടത്തുന്ന മാതൃകാപരമായ സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ഹെൽപ്പ് ഡെസ്കിലെ സന്ദർശക ഡയറിയിൽ തന്റെ സന്ദർശനത്തിന്റെ ഓർമ്മക്കുറിപ്പും അഭിനന്ദനങ്ങളും രേഖപ്പെടുത്തിയ ശേഷമാണ് ശശി തരൂർ എം.പി മടങ്ങിയത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സമർപ്പണത്തിന് വലിയ അംഗീകാരമായി തരൂരിന്റെ ഈ സന്ദർശനം മാറി. നഹാസ് പത്തനംതിട്ട, അംബരീഷ് തട്ട, ആരിഫ് ഖാൻ എം.സി, റ്റിജോ സാമുവൽ, ഫിറോസ് മീരാൻ, അമീൻ പി.എം, അജ്മൽ അലി, മുഹമ്മദ് റോഷൻ, സിയാദ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് അഭിനന്ദനം