കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. മൊഴികളിലെ വൈരുധ്യത്തെ തുടർന്നാണ് തീരുമാനം. ഇതിനിടെ കേസില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ആറു പേരെ കൂടി പ്രതിചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേന്ദ്രനെ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. കേസിലെ നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രന്‍ നല്‍കിയ മൊഴി. എന്നാല്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഇപ്പോഴും സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് മൊഴികളിലെ തട്ടിപ്പ് ക്രൈംബ്രാഞ്ചിന് വ്യക്തമായത്.
ഇതിനുപുറമെ സുന്ദര നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസര്‍കോട്ടെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സുരേന്ദ്രന്‍ മുഖ്യപ്രതിയായ കേസില്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമാരായ അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാര്‍ ഷെട്ടി,യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും,സുരേന്ദ്രന്റ അടുത്ത സുഹൃത്തുമായ സുനില്‍ നായ്ക്ക് ഉള്‍പ്പടെ ആറു പേരെ കൂടി പ്രതിചേർത്തു.
സുരേന്ദ്രനെതിരെ ചുമത്തിയ 171ബി,171 ഇ വകുപ്പുകള്‍ക്കു പുറമെ തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. കേസിൽ മറ്റു ചില പ്രാദേശിക ബിജെപി പ്രവര്‍ത്തകരെ കൂടി പ്രതി ചേർത്തേക്കും. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയായ വി.വി.രമേശന്‍ നല്‍കിയ പരാതിയില്‍
കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസില്‍ അന്വേഷണം നടക്കുന്നത്.