തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയ സംഭവത്തില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയുടെ മൊഴി. പരീക്ഷയുടെ ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നുവെന്നും ചോദ്യങ്ങള്‍ ഒഴിവാക്കിയ വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഹരി ക്രൈംബ്രാഞ്ചിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാദം ക്രൈംബ്രാഞ്ച് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, കേസില്‍ പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെതിരെ കുരുക്ക് മുറുകുകയാണ്. ചെയര്‍മാന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകള്‍ക്ക് വഴിവെച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിനെയും മൂല്യനിര്‍ണയം നടത്തുന്നവരെയും നിശ്ചയിച്ചതെല്ലാം ചെയര്‍മാന്‍ നേരിട്ടാണെന്ന് മറ്റ് പി.എസ്.സി അംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്.
യാതൊരുവിധ കൂടിയാലോചനകളുമില്ലാതെ ചെയര്‍മാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പി.എസ്.സി സെക്രട്ടറിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കുന്നതാണ് ചെയര്‍മാന്റെ രീതിയെന്നും സെക്രട്ടറി വ്യക്തമാക്കി. ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ചെയര്‍മാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആവര്‍ത്തിച്ചുണ്ടാകുന്നത്. കേസില്‍ എം.ആര്‍. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചുമതല ഡെപ്യൂട്ടി സെക്രട്ടറിക്കായിരുന്നുവെന്ന് മൊഴി