തിരുവനന്തപുരം : തനിക്കെതിരെയുള്ള വിജിലൻസ് കേസ് സിപിഎമ്മിന്‍റെ ഓലച്ചൂട്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മറ്റുള്ളവർ തീ പന്തം കത്തിക്കുമ്പോൾ ചൂട്ട് കത്തിക്കാനെങ്കിലും സിപിഎമ്മിന് സാധിക്കണ്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസ്യ യോഗ്യമല്ലാത്ത ഒരാളുടെ പരാതിയിലാണ് അന്വേഷണം. നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് കബിളിപ്പിച്ച ആളാണ് പരാതിക്കാരൻ. അന്വേഷണത്തില്‍ എന്തെങ്കിലും സാമ്പത്തിക തിരിമറി കണ്ടെത്താനായാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വധിക്കാൻ പോലും അവസരം ഒരുക്കിയ ആളാണ് പരാതിക്കാരൻ. കരുണാകരൻ ട്രസ്റ്റ് സാമ്പത്തിക ഇടപാടുകൾ സുതാര്യമാണ്. എല്ലാ പ്രവർത്തനങ്ങളുടെയും കണക്ക് വെച്ചാണ് മുന്നോട്ട് പോകുന്നത്.
എം പി എന്ന നിലയിൽ ഉള്ള മാനദണ്ഡങ്ങൾ പാലിച്ചാണോ വിജിലൻസ് നടപടി എന്ന് സർക്കാർ പരിശോധിക്കണം. തന്നെ
കരിവാരി തേക്കലാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. തന്നെ പോലെ സിപിഎമ്മിനെ മറ്റാരും വിമർശിക്കുന്നില്ല, അതിനാൽ തനിക്ക് കൂച്ചു വിലങ്ങിടാനാണ് ശ്രമമെന്ന് കെ സുധാകരന്‍ പറഞ്ഞു. കൊടി സുനി സിപിഎമ്മിനുള്ളിൽ ഇല്ല എന്ന് പറയാനുള്ള തന്‍റേടം പാർട്ടിക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കൊടി സുനിയുടെ നേതൃത്വത്തിലാണ് സ്വർണവേട്ട നിയന്ത്രിക്കുന്നത്. അതിനെതിരെ ശബ്ദിക്കാൻ സി പി എമ്മിന് സാധിക്കില്ല. അർജുൻ ആയങ്കി മൊഴി നൽകിയ ബോസ് ആരെന്ന് കണ്ടെത്താൻ സിപിഎം തയ്യാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.