'എല്ലാ സ്ഥാനങ്ങളും ഒറ്റ പാര്‍ട്ടിക്ക് വേണ്ട; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം'; സിപിഎമ്മിനെതിരെ കടുപ്പിച്ച് സിപിഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇതിൽ യാതൊരു തർക്കവുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. എല്ലാ പദവികളും ഒരൊറ്റ പാർട്ടി തന്നെ കൈയാളുന്ന രീതി മാറണമെന്നും മുന്നണി ബന്ധം ശക്തമായി മുന്നോട്ട് പോകാൻ സ്ഥാനങ്ങൾ പങ്കുവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിക്കുമ്പോൾ മുൻകാല കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ സിപിഎമ്മിന് കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. മുന്നണിയുടെ നന്മയ്ക്കായി കീഴ്‌വഴക്കങ്ങൾ മാറ്റേണ്ടി വന്നാൽ അത് മാറ്റുക തന്നെ വേണം. കീഴ്‌വഴക്കങ്ങളെക്കാൾ വലുത് രാഷ്ട്രീയമാണെന്നും, എൽഡിഎഫിന്റെ ഒരുമിച്ചുപോക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ സ്ഥാനങ്ങളും ഒരൊറ്റ പാർട്ടിയിലേക്ക് കേന്ദ്രീകരിക്കുന്ന ശൈലി മാറിയേ തീരൂ. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അത് ജനാധിപത്യപരമായി പങ്കുവെക്കാൻ തയ്യാറാകണം. സിപിഐയുടെ ഈ ആവശ്യം മുന്നണിയെ തകർക്കാനല്ല, മറിച്ച് കൂടുതൽ ശക്തമാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് മുഖ്യമന്ത്രിപദം വരെ വേണ്ടെന്നുവെച്ച് മുന്നണി മര്യാദ കാണിച്ച ചരിത്രമുള്ള സിപിഐക്ക് ഈ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അത്ര വലിയ കാര്യമല്ലെന്നും, എന്നാൽ എൽഡിഎഫിനുള്ളിൽ ആ ജനാധിപത്യ ബോധ്യം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഈ പദവി ആവശ്യപ്പെട്ട് പരസ്യ പ്രതികരണത്തിന് മുമ്പ് തന്നെ സിപിഎം നേതൃത്വവുമായി വളരെ മാന്യമായ രീതിയിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിനായി സിപിഐ നൽകിയ കത്തുകളും അതിന് സിപിഎം നൽകിയ മറുപടികളും ഇപ്പോഴും കയ്യിലുണ്ട്. ഈ വസ്തുതകളൊന്നും അറിയാതെ, സിപിഐ വിഷയം പരസ്യമാക്കിയത് വലിയ അപരാധമായി ചിത്രീകരിക്കുന്ന സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.