നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായ വാട്സാപ്, ടെലഗ്രാം തുടങ്ങി മെസേജിങ് ആപ്പുകളുടെ ഉപയോഗത്തിൽ ഇന്ത്യയിൽ വലിയൊരു മാറ്റം വരാൻ പോകുന്നു. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര ടെലികോം മന്ത്രാലയം പുതിയ 'സിം ബൈൻഡിങ്' നിയമങ്ങൾ 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുത്തുകയാണ്. ടെലികോം സൈബർ സെക്യൂരിറ്റി റൂൾസ് 2024-ന്റെ ഭാഗമായി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കാൻ ആപ്പുകൾക്ക് 2026 ഡിസംബർ 31 വരെയാണ് സർക്കാർ സമയം നൽകിയിരിക്കുന്നത്.
ലളിതമായി പറഞ്ഞാൽ, ഒരു ഫോണിലെ മെസേജിങ് ആപ് അക്കൗണ്ട് അതിൽ നിലവിലുള്ള ആക്ടീവ് ആയ സിം കാർഡുമായി (അല്ലെങ്കിൽ ഇ-സിമ്മുമായി) നിരന്തരം ബന്ധപ്പെട്ടിരിക്കണം എന്ന തത്വമാണ് സിം ബൈൻഡിങ്. നിലവിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സാപ്പോ ടെലഗ്രാമോ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, പിന്നീട് ആ സിം കാർഡ് ഫോണിൽ നിന്ന് മാറ്റിയാലും വൈഫൈ ഉപയോഗിച്ച് ആപ് തുടർന്നും ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമം വരുന്നതോടെ, ആപ് റജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പറിന്റെ സിം കാർഡ് ഫോണിൽ ആക്ടീവായി ഉണ്ടായിരിക്കണം. ഈ സിം ഫോണിൽ നിന്ന് മാറ്റുകയോ നിർജീവമാകുകയോ ചെയ്താൽ ആ ആപ് തുടർന്ന് പ്രവർത്തിക്കില്ല.
വൈഫൈ ഉപയോഗിച്ച് മാത്രം ആപ് ഉപയോഗിക്കുന്നവരെയും ഒരു ഫോണിൽ സിം കാർഡ് വയ്ക്കുകയും എന്നാൽ ആ നമ്പറിലുള്ള വാട്സാപ് മറ്റ് ഫോണുകളിൽ ഉപയോഗിക്കുന്നവരെയും ഡ്യുവൽ സിം ഉപയോഗിക്കുന്നവരെയുമാണ് ഈ പുതിയ നിയമങ്ങൾ പ്രധാനമായും ബാധിക്കുക. വാട്സാപ്പ്, ടെലഗ്രാം, അരാട്ടൈ, ഷെയർചാറ്റ്, ജോഷ്, ജിയോചാറ്റ്, സിഗ്നൽ തുടങ്ങി ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോക്തൃ ഐഡന്റിറ്റിയായി ഉപയോഗിക്കുന്ന എല്ലാ കമ്യൂണിക്കേഷൻ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സ്നാപ്ചാറ്റ് ഈ നിയമ പരിധിയിൽ വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ നമ്പറുകളിൽ റജിസ്റ്റർ ചെയ്ത ശേഷം സിം കാർഡുകൾ നീക്കം ചെയ്ത് വിദേശത്തിരുന്ന് തട്ടിപ്പുകാർ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. 2024-ൽ മാത്രം ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ മൂലം 22,800 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, തുടക്കത്തിൽ വെബ് സെഷനുകൾ ഓരോ 6 മണിക്കൂറിലും ലോഗ് ഔട്ട് ചെയ്യണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും, പിന്നീട് സർക്കാർ ഈ നിയമം പിൻവലിക്കുകയും അപകടസാധ്യതകൾ വിലയിരുത്തി നടപടിയെടുക്കുന്ന 'റിസ്ക് അധിഷ്ഠിത സമീപനം' സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂരിഭാഗം സാധാരണ ഉപയോക്താക്കളെയും ഈ നിയമം ബാധിക്കില്ലെങ്കിലും, സിം ഇല്ലാതെ വൈഫൈ വഴി ആപ്പുകൾ ഉപയോഗിക്കുന്ന ശീലമുള്ളവർ 2027 ജനുവരിക്ക് മുൻപായി പ്രധാന സിം കാർഡ് ആപ് ഉപയോഗിക്കുന്ന ഫോണിലേക്ക് മാറ്റേണ്ടതുണ്ട്. സിം ബൈൻഡിങ് തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാക്കുമെങ്കിലും, സോഷ്യൽ എൻജിനീയറിങ് വഴിയുള്ള വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും പൂർണമായി തടയാൻ ഇതുകൊണ്ട് മാത്രം സാധിക്കില്ല.
വാട്സാപ്പും ടെലഗ്രാമും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: രാജ്യത്ത് പുതിയ 'സിം ബൈൻഡിങ്' നിയമങ്ങൾ വരുന്നു; മാറ്റങ്ങൾ അറിയാം