ഇടുക്കി: ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈകിട്ട് 4 മണിക്കും എട്ടുമണിക്കും ഇടയിൽ ജില്ലയിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിമാലി, ഇടമലക്കുടി, തൊടുപുഴ എന്നീ പ്രദേശങ്ങളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കൂടുതൽ. പ്രകൃതിദുരന്ത സാധ്യത മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്നാർ-അടിമാലി റൂട്ടിൽ റോഡരികിലോ വെള്ളച്ചാട്ടങ്ങൾക്ക് സമീപത്തോ നിൽക്കാൻ പാടില്ല. മലയോര മേഖലകളിൽ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയുള്ള യാത്രകളിൽ അതീവ ജാഗ്രത വേണം. മൂന്നാർ-അടിമാലി റൂട്ടിലോ മറ്റ് അപകടസാധ്യതയുള്ള മേഖലകളിലോ വിനോദസഞ്ചാരികൾ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കൂടാതെ, ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും നിർദേശത്തിലുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പോലീസ്, വനംവകുപ്പ്, റവന്യൂ, കെ.എസ്.ഇ.ബി, ഫയർ & റെസ്ക്യൂ, ടൂറിസം വകുപ്പുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായ അപകട സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. താലൂക്ക് തലങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമേഖലയിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മെഡിക്കൽ ഓഫീസർമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഏതുസമയത്തും ഫോൺ കോളുകളിൽ ലഭ്യമായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി