75-ാമത് മിസ് യൂണിവേഴ്‌സ് ആഗോള സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടി. ഇന്ത്യയെ പ്രതിനിധീകരിച്ച 19-കാരിയായ മലയാളി താരം കെസിയ ലിസ് മെജോ ആദ്യ 12-ൽ ഇടംനേടാനാകാതെ മത്സരത്തിൽ നിന്ന് പുറത്തായി. 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ മാറ്റുരച്ച വേദിയിൽ മികച്ച പ്രകടനത്തോടെ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ കെസിയയ്ക്ക് സാധിച്ചെങ്കിലും, അടുത്ത ഘട്ടമായ ആദ്യ 12-ലേക്ക് യോഗ്യത നേടാനായില്ല.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന വർണ്ണാഭമായ ഗ്രാൻഡ് ഫിനാലെയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കെസിയ തുടക്കമിട്ടത്. വിശ്വസുന്ദരി കിരീടം നേടാനായില്ലെങ്കിലും, 75 വർഷത്തെ മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് 'മിസ് യൂണിവേഴ്‌സ് ഇന്ത്യ' പട്ടം ചൂടി അന്താരാഷ്ട്ര വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് കെസിയ മടങ്ങുന്നത്.
ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ വളർന്നത് അബുദാബിയിലാണ്. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ്. കഴിഞ്ഞ 12 വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന കെസിയ, വയലിനും ഡ്രംസും അനായാസം വായിക്കുന്ന ബഹുമുഖ പ്രതിഭ കൂടിയാണ്. മമ്മൂട്ടി നായകനായ 'ഷൈലോക്ക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും കെസിയ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 23-ന് ജയ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് കെസിയ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം ചൂടിയത്. സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നാലാം വിശ്വസുന്ദരി കിരീടം എത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു രാജ്യം. ഇന്ത്യ പുറത്തായതോടെ 3,150 വജ്രങ്ങൾ പതിപ്പിച്ച പുതിയ മിസ് യൂണിവേഴ്‌സ് കിരീടം ആര് സ്വന്തമാക്കുമെന്ന ആകാംക്ഷയിലാണ് സൗന്ദര്യമത്സര ലോകം.