Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവില ഇടിയുന്നു; ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, ലേലഭീഷണി ഒഴിവാക്കാൻ അറിയേണ്ടതെല്ലാം

സ്വർണവില ഇടിയുന്നു; ഗോൾഡ് ലോൺ എടുത്തവർക്ക് ബാങ്കുകളുടെ നോട്ടീസ്, ലേലഭീഷണി ഒഴിവാക്കാൻ അറിയേണ്ടതെല്ലാം

മുംബൈ: സ്വർണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവിനെത്തുടർന്ന് സ്വർണപ്പണയ വായ്പയെടുത്തവർക്ക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFC) നോട്ടീസ് അയച്ചുതുടങ്ങി. ഈടായി നൽകിയ സ്വർണത്തിന്റെ വിപണിമൂല്യം കുറഞ്ഞ സാഹചര്യത്തിൽ, കൂടുതൽ സ്വർണം പണയം വയ്ക്കുകയോ വായ്പത്തുകയുടെ ഒരു ഭാഗം ഉടൻ തിരിച്ചടയ്ക്കുകയോ ചെയ്യണമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിർദേശം. വില ഇനിയും താഴേക്ക് പോവുകയും ഉപഭോക്താക്കൾ തിരിച്ചടവിൽ വീഴ്ച വരുത്തുകയും ചെയ്താൽ പണയസ്വർണം ലേലം ചെയ്യേണ്ട സാഹചര്യമുണ്ടായേക്കാം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വർണവില തുടർച്ചയായി കുതിച്ചുയർന്നതോടെ ഗോൾഡ് ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. എന്നാൽ, റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഏകദേശം 30 ശതമാനത്തോളം ഇടിഞ്ഞത് വായ്പാ സ്ഥാപനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പണയസ്വർണത്തിന്റെ മൂല്യം ഇടിഞ്ഞതോടെ വായ്പയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകുന്നത്.

പണയം വയ്ക്കുന്ന സ്വർണത്തിന്റെ വിപണിമൂല്യത്തിന് ആനുപാതികമായാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. സ്വർണത്തിന്റെ മൂല്യവും വായ്പത്തുകയും തമ്മിലുള്ള അനുപാതമാണ് ലോൺ ടു വാല്യു റേഷ്യോ (LTV). റിസർവ് ബാങ്ക് ചട്ടപ്രകാരം സ്വർണത്തിന്റെ ആകെ മൂല്യത്തിന്റെ 75 മുതൽ 85 ശതമാനം വരെയാണ് പരമാവധി വായ്പയായി നൽകാനാവുക. ഉദാഹരണത്തിന്, ഒരു പവന് 1.30 ലക്ഷം രൂപ വിലയുണ്ടായിരുന്നപ്പോൾ സ്വർണം പണയം വച്ച ഒരാൾക്ക് 75 ശതമാനം എൽടിവി നിരക്കിൽ 97,500 രൂപ വരെ വായ്പ ലഭിച്ചിട്ടുണ്ടാകാം.

എന്നാൽ സ്വർണവില ഇടിയുന്നതോടെ പണയസ്വർണത്തിന്റെ മൂല്യം കുറയുകയും, വായ്പത്തുകയും ഈടിന്റെ മൂല്യവും തമ്മിലുള്ള അനുപാതം (LTV) ഉയരുകയും ചെയ്യുന്നു. ഇത് ബാങ്കുകൾക്ക് സാമ്പത്തിക നഷ്ടസാധ്യതയുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ വായ്പാ അനുപാതം ക്രമീകരിക്കുന്നതിനായി തുകയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണം ഈടായി നൽകാനോ ബാങ്കുകൾ ആവശ്യപ്പെടുന്ന പ്രക്രിയയാണ് 'മാർജിൻ കോൾ'. ബാങ്ക് നൽകുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ ഉപഭോക്താവ് ഇതിനോട് പ്രതികരിക്കേണ്ടതുണ്ട്.

സ്വർണവിലയിടിവ് എല്ലാ ഗോൾഡ് ലോൺ ഉപഭോക്താക്കളെയും ഒരേപോലെയല്ല ബാധിക്കുന്നത്. വായ്പയുടെ തിരിച്ചടവ് രീതിയും എൽടിവി അനുപാതവും ഇതിൽ നിർണായക ഘടകങ്ങളാണ്. കാലാവധി തീരുമ്പോൾ മുതലും പലിശയും ഒരുമിച്ച് അടയ്ക്കുന്ന 'ബുള്ളറ്റ് റീപേയ്‌മെന്റ്' രീതിയിലുള്ള വായ്പകളെയാണ് വിലയിടിവ് പ്രധാനമായും ബാധിക്കുന്നത്. സാധാരണയായി മൂന്ന് മുതൽ 12 മാസം വരെയാണ് ഇത്തരം വായ്പകളുടെ കാലാവധി.

ഉദാഹരണത്തിന്, 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പണയം വച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത ഒരാളുടെ എൽടിവി 75 ശതമാനമായിരിക്കും. വിലയിടിവ് കാരണം ഈ സ്വർണത്തിന്റെ മൂല്യം 8.50 ലക്ഷം രൂപയായി കുറഞ്ഞാൽ എൽടിവി ഏകദേശം 88 ശതമാനമായി ഉയരും. ഇതോടെ ആർബിഐ പരിധിക്കുള്ളിൽ വായ്പ നിലനിർത്താൻ അധിക തുക അടയ്ക്കാനോ കൂടുതൽ സ്വർണം നൽകാനോ ബാങ്ക് ആവശ്യപ്പെടും. അതേസമയം, പ്രതിമാസ തവണകളായി (EMI) തിരിച്ചടയ്ക്കുന്ന വായ്പകളെ വിലയിടിവ് നേരിട്ട് ബാധിക്കാൻ സാധ്യത കുറവാണെങ്കിലും, വായ്പാ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഉപഭോക്താക്കൾ ബാധ്യസ്ഥരാണ്.

രാജ്യത്തെ സ്വർണവായ്പാ മേഖലയിൽ അടുത്തകാലത്തായി വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ക്രിഫ് (CRIF) ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസിന്റെ റിപ്പോർട്ട് പ്രകാരം, 2026-27 സാമ്പത്തിക വർഷം സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ പുതിയ വായ്പകളിൽ ഗോൾഡ് ലോണിന്റെ എണ്ണം മുൻപാദത്തേക്കാൾ 24.9 ശതമാനം വർധിച്ചു. രാജ്യത്തെ ആകെ സ്വർണവായ്പ മുൻവർഷത്തെ അപേക്ഷിച്ച് 60.6 ശതമാനം ഉയർന്ന് 23.3 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.

രാജ്യത്തെ ആകെ സ്വർണവായ്പയുടെ 70 ശതമാനവും കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. സ്വർണവില ഉയർന്നുനിന്ന കാലയളവിൽ പലരും സ്വർണം തിരിച്ചെടുക്കാതെ പലിശ മാത്രം അടച്ച് വായ്പ പുതുക്കുകയായിരുന്നു. ഇത്തരത്തിൽ മുതലും പലിശയും ചേർന്നുള്ള ബാധ്യത വർധിച്ചവർക്ക് ഇപ്പോഴത്തെ വിലയിടിവ് കനത്ത തിരിച്ചടിയാകും. വായ്പാ തിരിച്ചടവിലും നേരിയ സമ്മർദം കണ്ടുതുടങ്ങിയിട്ടുണ്ട്; ഒന്നു മുതൽ ആറ് മാസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ വിഹിതം 1.3 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായും, ഒന്നു മുതൽ മൂന്ന് മാസം വരെ മുടങ്ങിയവരുടേത് 0.9 ശതമാനത്തിൽ നിന്ന് 1.3 ശതമാനമായും വർധിച്ചു.

സ്വർണവില കുറഞ്ഞ സാഹചര്യത്തിൽ പണയം വച്ച സ്വർണം ഇനി തിരിച്ചെടുക്കേണ്ടതില്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ, ഇത്തരമൊരു നിലപാട് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. വായ്പ മുടങ്ങിയാൽ ബാങ്കിന് സ്വർണം ലേലം ചെയ്യാം എന്നതിലുപരി, അത് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കുകയും ഭാവിയിൽ മറ്റ് വായ്പകൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും.

ബാങ്കിൽ നിന്നോ എൻബിഎഫ്‌സിയിൽ നിന്നോ നോട്ടീസ് ലഭിച്ചാൽ ആദ്യം വായ്പയുടെ ആകെ കുടിശ്ശികയും ബാങ്ക് ആവശ്യപ്പെടുന്ന അധിക തുകയും കൃത്യമായി പരിശോധിക്കുക. തുടർന്ന് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് ഭാഗിക തിരിച്ചടവ് നടത്താനോ കൂടുതൽ സ്വർണം ഈടായി നൽകാനോ ഉള്ള സാവകാശം തേടാവുന്നതാണ്. നോട്ടീസുകൾ അവഗണിക്കുന്നത് സ്വർണം ലേലത്തിലേക്ക് പോകാനുള്ള സാധ്യത വർധിപ്പിക്കും. പണമടയ്ക്കുമ്പോൾ ബാങ്കിന്റെ ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കുകയും, തിരിച്ചടവിന് ശേഷം പുതുക്കിയ വായ്പാ ബാലൻസും സ്വർണത്തിന്റെ മൂല്യവും വ്യക്തമാക്കുന്ന രേഖകൾ കൈപ്പറ്റുകയും വേണം. ലേല നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ ബാങ്കുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതം.


Related articles

See all
Popular News

അടുക്കള ബജറ്റ് താളംതെറ്റുന്നു; രാജ്യത്ത് ഉള്ളിവിലയിൽ 116 ശതമാനം വർധന, റീടെയിൽ പണപ്പെരുപ്പം...

Popular News

അമുൽ പാൽ വില കൂട്ടി; ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധന, പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല...

Popular News

ഫ്ലിപ്കാർട്ടിൽ 150 കോടിയുടെ കോഴ വിവാദം; ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വാൾമാർട്ട...

Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Save your stories

Sign in