ഇടുക്കി: ദേവികുളം മുന്‍ സി.പി.എം എം.എല്‍.എ അഡ്വ. എ. രാജ ഹിന്ദു പറയ വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും പരിവര്‍ത്തിത ക്രൈസ്തവനാണെന്നും കിര്‍ത്താഡ്‌സ് വിജിലന്‍സ് കണ്ടെത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം രാജ നല്‍കിയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ ഇടുക്കിയിലെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും കടുത്ത പ്രതിരോധത്തിലായി.
പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ദേവികുളം മണ്ഡലത്തില്‍ മത്സരിക്കാനാണ് എ. രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന് കാണിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയും യു.ഡി.എഫ് നേതാവുമായ ഡി. കുമാര്‍ പരാതി നല്‍കിയിരുന്നു. 2021-ലെ തിരഞ്ഞെടുപ്പില്‍ 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജ വിജയിച്ചത്. തുടര്‍ന്ന് വിജയം ചോദ്യം ചെയ്ത് ഡി. കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് രാജ നിയമസഭാംഗത്വം പുനഃസ്ഥാപിച്ചത്.
തുടര്‍ന്ന് ജാതി സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ അധികാരമുള്ള കിര്‍ത്താഡ്‌സിനെ ഡി. കുമാര്‍ വീണ്ടും സമീപിക്കുകയായിരുന്നു. വിജിലന്‍സ് വിദഗ്ധ സമിതി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് എ. രാജ അവകാശപ്പെട്ട സമുദായ പദവി തെറ്റാണെന്നും അദ്ദേഹം പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കിര്‍ത്താഡ്‌സ് വിജിലന്‍സ് ഓഫീസര്‍ ഇതുസംബന്ധിച്ച നിര്‍ണ്ണായക അന്വേഷണ റിപ്പോര്‍ട്ട് സ്‌ക്രൂട്ട്ണി കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ കണ്ടെത്തല്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന് കിർത്താഡ്സ് റിപ്പോർട്ട് പുറത്ത്, പ്രതിരോധത്തിലായി സിപിഎം