കൊച്ചി: ഈ ഓണക്കാലത്ത് സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് 'ഗുമ്മി ഓണം' എന്ന പുതിയ ഓണപ്പാട്ട്. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാല് ലക്ഷത്തോളം വ്യൂസ് നേടി മുന്നേറുന്ന ഗാനം സോഷ്യല്‍ മീഡിയയിലും തരംഗമായിക്കഴിഞ്ഞു. ഓണത്തിന്റെ ആഘോഷപ്പകിട്ടും പുതുമയാര്‍ന്ന സംഗീതശൈലിയുമാണ് ഗാനത്തെ വേഗത്തില്‍ ശ്രദ്ധേയമാക്കിയത്.
'Mallu Freakuency' എന്ന ബാന്‍ഡും 'GA Musicals'-ഉം ചേര്‍ന്നാണ് ഈ ഗാനം പുറത്തിറക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജോര്‍ജ് എബ്രഹാം ആണ് ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതരംഗത്ത് സജീവമായ ജോര്‍ജിന്റെ മുന്‍ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. 'Inventiv Hub' എന്ന ഡിജിറ്റല്‍ കമ്പനിക്ക് വേണ്ടി ലിയോ അല്‍ഫോണ്‍സ് ആണ് ഇതിന്റെ വേറിട്ട എ.ഐ. ദൃശ്യങ്ങള്‍ ഒരുക്കിയത്. സംഗീതവും ആധുനിക ദൃശ്യസാങ്കേതികവിദ്യയും സമന്വയിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ ഓണപ്പാട്ട് അനുഭവമായി മാറി.
'ഗുമ്മി ഓണത്തിന്' പിന്നാലെ Mallu Freakuency, GA Musicals കൂട്ടായ്മ പുറത്തിറക്കിയ 'ഓണം റീബൂട്ട്' എന്ന ഗാനത്തിനും ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചത്. ഒരേ ഓണക്കാലത്ത് പുറത്തിറങ്ങിയ ഈ രണ്ടു ഗാനങ്ങളും സംഗീതത്തിലും സാങ്കേതികവിദ്യയിലും പുതിയൊരു ഡിജിറ്റല്‍ ഓണാനുഭവം സമ്മാനിച്ച് മുന്നേറുകയാണ്.