സർവ്വകലാശാലകളിൽ ഓൺലൈൻ ഇന്‍റർവ്യൂവിലൂടെ അധ്യാപകരെ നിയമിക്കാൻ സർക്കാർ നീക്കം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടി ചട്ടങ്ങൾ മറികടന്ന്
Jaihind TV News Report
Jaihind TV Web Desk
August 17, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സർവ്വകലാശാലകളിൽ കൊവിഡിന്‍റെ മറവിൽ ഓൺലൈൻ ഇന്‍റർവ്യൂവിലൂടെ 380 അധ്യാപകരെ നിയമിക്കാൻ സർക്കാർ നീക്കം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിയമനങ്ങൾക്ക് വേഗതകൂട്ടാൻ വി സിമാർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ നിർദ്ദേശം നൽകി. ഓൺലൈൻ ഇന്‍റർവ്യൂ ചട്ടങ്ങൾ നിലവിലില്ലാത്തതു കൊണ്ട് നിയമനങ്ങൾ നിർത്തിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടും നിയമനങ്ങൾ തുടരുകയാണ് ഇടത് സർക്കാർ.
സർക്കാർ-എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തോളം അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച ഇടത് സർക്കാർ തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ സർവകലാശാലകളിൽ തിരക്കിട്ട് അധ്യാപക നിയമനത്തിന് കളമൊരുക്കുകയാണ്. കൊവിഡിന്‍റെ മറവിൽ ഓൺലൈനിലൂടെ സെലക്ഷൻ കമ്മിറ്റി വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുന്‍പ് എല്ലാ നിയമനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ കുസാറ്റും കണ്ണൂർ സർവ്വകലാശാലയും ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ നിയമനങ്ങൾ ആരംഭിച്ചു. എന്നാൽ ഓൺലൈൻ ഇന്‍റർവ്യൂ നടത്തുന്നതിന് സർവകലാശാലകളുടെ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതുകൊണ്ട് വ്യക്തമായ ചട്ടങ്ങൾ ഉണ്ടാക്കാതെ ഇത്തരം കൂടിക്കാഴ്ചകൾ നടത്തി അധ്യാപക നിയമനങ്ങൾ പാടില്ലെന്നും നിലവില്‍ നടത്തിയിട്ടുള്ള ഓൺലൈൻ നിയമനങ്ങൾ റദ്ദാക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ അധ്യാപകരെ നിയമിക്കുന്നതിനുള്ള അധികാരം സർവകലാശാല സിൻഡിക്കേറ്റുകൾക്കാണ്. കേരളാ സർവ്വകലാശാലയിൽ വിജ്ഞാപനം ചെയ്ത 110 ഒഴിവുകളിൽ 53 തസ്തികകളിൽ ഇതിനകം നിയമനങ്ങൾ നടത്തി കഴിഞ്ഞു. ഉയർന്ന യോഗ്യതകളുണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളെ അവഗണിച്ച് സിപിഎമ്മിന്‍റെ മുൻ എം.പിയുടെ ഭാര്യയ്ക്ക് നിയമനം നൽകിയതുൾപ്പടെ നേരത്തെ വിവാദമായിരിന്നു. എം.ജി സർവ്വകലാശാലയിലെ 70 ഒഴിവുകളിൽ 42 ഉം കണ്ണൂർ സർവ്വകലാശാലയിലെ 22ഒഴിവുകളിൽ 6ലും ഇതിനകം ഇഷ്ടടക്കാരെയും പാർട്ടി അനുഭാവികളേയും നിയമിച്ചു.
കേരള സർവ്വകലാശാല- 57, കുസാറ്റ്- 104, കാലിക്കറ്റ് സർവ്വകലാശാല -116, കണ്ണൂർ സർവ്വകലാശാല- 16, സംസ്കൃതം- 56,എം.ജി- 31 തുടങ്ങിയ സർവ്വകലാശാലകള്‍ ഉൾപ്പെടെ ആകെ 380 നിയമനങ്ങൾക്ക് 80 കോടി രൂപ പ്രതിവർഷം അധികച്ചെലവുണ്ടാകും.
പരമാവധി സിപിഎം അനുഭാവികളെയും ഉന്നത സ്വാധീനമുള്ളവരെയും നിയമിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമവിരുദ്ധമായി ഓൺലൈനിലൂടെ നിയമനങ്ങൾ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് തിരക്കുപിടിച്ച് സർവ്വകലാശാലകൾ നടത്തുന്ന ചട്ടവിരുദ്ധമായ ഓൺലൈൻ നിയമനങ്ങളിൽ വ്യാപകമായ സ്വജനപക്ഷപാതത്തിനും ക്രമക്കേടിനും സാധ്യതയുള്ളതുകൊണ്ട് നിയമങ്ങൾ നിർത്തിവെക്കാൻ വൈസ് ചാൻസിലർമാര്‍ക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാർ ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10