ഇന്ത്യയിലെ റോഡുകളുടെ അഭൂതപൂർവ്വമായ വികസനം വിദേശ സഞ്ചാരികളെപ്പോലും അമ്പരപ്പിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് തുടങ്ങി കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കടന്ന് 2,500 കിലോമീറ്ററിലേറെ ദേശീയപാതകളിലൂടെയും എക്സ്പ്രസ് വേകളിലൂടെയും യാത്ര ചെയ്ത ഒരു വിദേശ സഞ്ചാരിയാണ് ഇന്ത്യയിലെ യാത്രാനുഭവത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. "ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചില റോഡുകൾ ഇന്ത്യയിലുണ്ട്, കുറച്ചുവർഷങ്ങൾക്ക് മുൻപ് ഇങ്ങനെ പറയാനാവുമെന്ന് ആരും വിചാരിച്ചുകാണില്ല" എന്നാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ പങ്കുവെച്ചത്. നിലവിൽ എൻഇ4 (NE4) എക്സ്പ്രസ് വേയിലൂടെ യാത്ര തുടരുന്ന അദ്ദേഹം ഇനി ഹരിയാന കടന്ന് ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിലേക്കാണ് പ്രവേശിക്കുന്നത്.
ഏതൊരു രാജ്യത്തിന്റെയും തനത് ഭംഗി തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് വിദേശികൾ തിരഞ്ഞെടുക്കുന്നത് റോഡ് മാർഗ്ഗമാണ്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെയും വിനോദസഞ്ചാര-തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നവയാണ് ദേശീയപാതകളെങ്കിൽ, വടക്കേ ഇന്ത്യയിൽ പ്രധാന നഗരങ്ങൾക്കൊപ്പം ഹിൽ സ്റ്റേഷനുകളിലേക്കുള്ള രാജപാതകൾ കൂടിയാണ് ഇവ. ഓരോ സംസ്ഥാനങ്ങൾക്കനുസരിച്ച് റോഡുകളുടെ സ്വഭാവത്തിലും മാറ്റമുണ്ട്. പ്രതികൂല കാലാവസ്ഥയും നിരന്തരമായ നവീകരണങ്ങളും കാരണം ഹിമാലയൻ റോഡുകൾ പലപ്പോഴും വെല്ലുവിളിയാകാറുണ്ടെങ്കിലും, നിലവിൽ രാജ്യമൊട്ടാകെയുണ്ടായ അടിസ്ഥാന സൗകര്യ വികസനം വിദേശികളുടെ യാത്രാനുഭവത്തെ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.
അടുത്തിടെ മറ്റൊരു വനിതാ വിദേശ സഞ്ചാരിയും ഇന്ത്യയിലെ റോഡുകളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. 2017-ലെ സന്ദർശനത്തെ അപേക്ഷിച്ച് നിലവിലെ ദേശീയപാതകളിലെയും എക്‌സ്പ്രസ് വേകളിലെയും അന്താരാഷ്ട്ര നിലവാരമുള്ള റെസ്റ്റ് റൂമുകളും കഫേകളും വൻ മാറ്റമാണ് കൊണ്ടുവന്നതെന്ന് അവർ എടുത്തുപറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം 1,46,560 കിലോമീറ്റർ നീളത്തിലാണ് രാജ്യത്ത് ദേശീയപാതകൾ പടർന്നുപന്തലിച്ച് കിടക്കുന്നത്.
തമിഴ്‌നാട് മുതൽ ഹിമാലയം വരെ 2,500 കിലോമീറ്റർ യാത്ര; ഇന്ത്യൻ റോഡുകളെ കണ്ട് അമ്പരന്ന് വിദേശ സഞ്ചാരി