മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന സമഗ്ര ബില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് വയോജനങ്ങള്‍ക്കായി ഒരു വകുപ്പും ഇത്തരത്തിലുള്ള ബില്ലും നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഈ ബില്ലിലൂടെ കേരളം ലോകത്തിന് മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാരത്തിലേറി ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയൊരു ചരിത്രത്തിലേക്ക് ചുവടുവെക്കുകയാണ്. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും പരിചരണത്തിനുമപ്പുറം അവരുടെ ജീവിത പരിചയവും അറിവും അനുഭവ സമ്പത്തും എല്ലാ അര്‍ത്ഥത്തിലും നാടിന് പ്രയോജനപ്പെടുത്തി സില്‍വര്‍ ഇക്കോണമിക്ക് കരുത്തു പകരുവാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
'മുതിര്‍ന്നവര്‍ ഒറ്റയ്ക്കല്ല' എന്ന സന്ദേശം പകര്‍ന്ന്, മേല്‍നോട്ടത്തിനായി സംസ്ഥാന-ജില്ലാതല സമിതികളും പ്രാദേശിക അയല്‍പക്ക സമിതികളും ഉള്‍പ്പെടുന്ന വലിയൊരു ശൃംഖല തന്നെ ഈ പദ്ധതിയില്‍ കണ്ണികളാകും. മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭരണ-പ്രതിപക്ഷ നിരകളില്‍ നിന്ന് ഒട്ടനവധി പേര്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും പിന്തുണയും പകര്‍ന്നു.
ചര്‍ച്ചകള്‍ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബില്‍, കൂടുതല്‍ അഭിപ്രായ സ്വരൂപണങ്ങള്‍ക്കും ആവശ്യമായ ഭേദഗതികള്‍ക്കും ശേഷം സഭയില്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കും. ഇന്ദിരാ ഗ്യാരന്റിയിലൂടെ യു.ഡി.എഫ്. പ്രഖ്യാപിച്ച വയോജന വകുപ്പ് യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി സര്‍ക്കാര്‍ ഈ സമഗ്ര നിയമനിര്‍മ്മാണം നടത്തുന്നത്.
അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു