ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ വിദ്യാർത്ഥികൾക്കൊപ്പം രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. തങ്ങൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ രാഹുലിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. പൊലീസിന്റെ വെടിയുണ്ടകളെ ഭയമില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികൾ, ഡൽഹി പൊലീസ് തങ്ങളോട് തികച്ചും ക്രൂരമായാണ് പെരുമാറിയതെന്ന് ആരോപിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഋതു എന്ന പെൺകുട്ടിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
പൊലീസ് മർദനത്തിൽ മലയാളി വിദ്യാർത്ഥിനിയായ ആതിരയുടെ ഒരു ചെവിയുടെ കേൾവിശക്തി പൂർണ്ണമായി നഷ്ടപ്പെട്ടതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തി. സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് ഡൽഹി പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ആതിര മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിനിടെ പൊലീസ് സ്വകാര്യഭാഗങ്ങളിൽ മർദിച്ചതായും വിദ്യാർത്ഥികൾ തുറന്നടിച്ചു.
അതേസമയം, കസ്റ്റഡിയിലെടുത്ത തന്റെ ഫോൺ ഇതുവരെ തിരിച്ചു നൽകിയിട്ടില്ലെന്നും ക്രൂരമായ മർദനമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മലയാളി വിദ്യാർത്ഥിയായ അർജുനും പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ഗാന്ധി