ഡാക്കർ: യൂത്ത് ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ച് 16-കാരിയായ ധിനിധി ദേശിംഗു. ഡാക്കർ 2026 യൂത്ത് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈലിൽ 56.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബെംഗളൂരു സ്വദേശിയായ ധിനിധി ദേശീയ റെക്കോർഡോടെ വെങ്കല മെഡൽ സ്വന്തമാക്കിയത്. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കൻഡ്) സ്വർണ്ണവും ന്യൂസിലൻഡിന്റെ അലിസ ലോസൺ (56.13 സെക്കൻഡ്) വെള്ളിയും നേടി. യൂത്ത് ഒളിമ്പിക്സ് നീന്തൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും ഇതോടെ ധിനിധി സ്വന്തമാക്കി.
2024 പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന ധിനിധി, കുട്ടിക്കാലത്ത് നീന്തലിനോട് ഭയമുണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് രാജ്യത്തിന്റെ മുൻനിര നീന്തൽ താരമായി വളർന്നത്. ബജാജ് ഫിൻസെർവിന്റെ പിന്തുണയോടെയാണ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്. പരിശീലനം, മത്സര പങ്കാളിത്തം, കായിക ഉപകരണങ്ങൾ, ഫിറ്റ്‌നസ് recovery തുടങ്ങി താരത്തിന്റെ സമഗ്രമായ വളർച്ചയ്ക്കായി ബജാജ് ഫിൻസെർവ് പിന്തുണ നൽകിവരുന്നുണ്ട്.
ധിനിധിയുടെ ചരിത്രനേട്ടം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും രാജ്യത്തെ യുവ കായികതാരങ്ങൾക്ക് ഇത് വലിയ പ്രചോദനമാണെന്നും ബജാജ് ഫിൻസെർവ് ഗ്രൂപ്പ് സി.എം.ഒ മാനവ് മിയാൻവാൾ പറഞ്ഞു. ക്രിക്കറ്റ് ഇതര കായിക ഇനങ്ങളിലെ യുവ പ്രതിഭകളെ ആദ്യ ഘട്ടത്തിൽ തന്നെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ധിനിധിക്കും മറ്റ് യുവ ടെന്നീസ്, ബാഡ്മിന്റൺ താരങ്ങൾക്കും ബജാജ് ഫിൻസെർവ് സഹായം നൽകുന്നത്.
യൂത്ത് ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ; ബെംഗളൂരു താരം ധിനിധി ദേശിംഗുവിന് ദേശീയ റെക്കോർഡോടെ വെങ്കലം