വിശാഖപട്ടണം / ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാന്‍' ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്-തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ഗോപാല്‍പൂരിന് സമീപം കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നിരീക്ഷണമനുസരിച്ച് കാറ്റിന്റെ തീവ്രത അല്പം കുറഞ്ഞ് മണിക്കൂറില്‍ 70-90 കിലോമീറ്റര്‍ വേഗതയില്‍ കരതൊടാനാണ് സാധ്യതയെന്നും, ചുഴലിക്കാറ്റിന്റെ കരയിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് നിരവധി തീരദേശ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും നിലവിലുണ്ട്.
ചുഴലിക്കാറ്റ് വടക്കന്‍ ആന്ധ്ര-ഒഡീഷ തീരത്തേക്ക് ഗതിമാറിയതോടെ ഇരു സംസ്ഥാനങ്ങളിലെയും ദുരന്തനിവാരണ അതോറിറ്റികള്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണങ്ങളും അധികൃതര്‍ വിലയിരുത്തി. അപകടസാധ്യതയുള്ള തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന മുന്നറിയിപ്പുണ്ട്.
'അക്വാന്‍' ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്