തിരുവനന്തപുരം: സി.പി.എമ്മിൽ സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ കരട് മാർഗരേഖ സി.പി.എം സംസ്ഥാന കമ്മിറ്റി പരിഷ്കരിച്ച് അംഗീകരിച്ചു. മാർഗരേഖയിലെ വിവിധ നിർദേശങ്ങൾക്കെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നേതൃത്വം തയാറായത്.
കേന്ദ്ര കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങളും അതിന്റെ റിപ്പോർട്ടും പൂർണമായ അളവിൽ കരട് മാർഗരേഖയിൽ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ അംഗങ്ങൾ നിലപാടെടുത്തു. പാർട്ടിയിൽ തിരുത്തൽ നടപടികൾ നടപ്പിലാക്കുമ്പോൾ നേതൃത്വത്തിന് ഉൾപ്പെടെ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന കൃത്യമായ വിശദീകരണം മാർഗരേഖയിൽ ചേർക്കണമെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.
ഉയർന്നുവന്ന നിർദേശങ്ങളും വിമർശനങ്ങളും കൂടി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പരിഷ്കരിച്ച റിപ്പോർട്ടിനാണ് സംസ്ഥാന കമ്മിറ്റി അന്തിമ അംഗീകാരം നൽകിയത്. പരിഷ്കരിച്ച ഈ മാർഗരേഖ ഇനി വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും.