കണ്ണൂർ: വിവിധ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കുമിടെ സി.പി.എമ്മിന്റെ കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. രണ്ടുനാൾ നീണ്ടുനിൽക്കുന്ന വിശാല ജില്ലാ കമ്മിറ്റി യോഗം പാർട്ടിയെ പിടച്ചുകുലുക്കുന്ന ഗൗരവമേറിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരമ്പരാഗത ഉറച്ച കോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത തോൽവികളും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും.
സ്ഥാനാർത്ഥി നിർണ്ണയം, തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ, വോട്ടുചോർച്ച എന്നിവയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് യോഗത്തിൽ കടുത്ത ചോദ്യങ്ങൾ ഉയർന്നേക്കാം. അതേസമയം, കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പിണറായി വിജയൻ ആദ്യമായി പങ്കെടുക്കുന്ന വിശാല യോഗമാണിത്. നിലവിലെ സാഹചര്യത്തില് പിണറായിക്കെതിരേ രൂക്ഷവിമര്ശനങ്ങളൊഴിവാക്കാനുള്ള ചരടുവലികളും സജീവമാണ്.