പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി മോഡലായ ഇന്നോവ ഹൈക്രോസിന്റെ പരിഷ്‌കരിച്ച 2026 പതിപ്പ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആകര്‍ഷകമായ പുതിയ ഡിസൈനിലും നൂതന ഫീച്ചറുകളോടെയുമാണ് ഈ പുതുക്കിയ പതിപ്പ് വിപണിയിലേക്ക് എത്തുന്നത്.
പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളാണ് (LED DRLs) വാഹനത്തിന്റെ പുറംമോടിയിലെ ഏറ്റവും വലിയ പ്രത്യേകത. ബോണറ്റിന് താഴെയായി നല്‍കിയിരിക്കുന്ന ക്രോം ഘടകം വാഹനത്തിന് പുതിയ ഗ്രില്ല് ലഭിക്കുമെന്ന സൂചന നല്‍കുന്നു. ഇതിനുപുറമെ മുന്‍വശത്തെയും പിന്നിലെയും ബമ്പറുകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകളും പരിഷ്‌കരിച്ച ടെയില്‍ ലൈറ്റുകളും പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയേക്കും.
രാജ്യാന്തര വിപണിയിലെ 'കിജാങ് ഇന്നോവ സെനിക്സ്' മോഡലിലേതിന് സമാനമായ പരിഷ്‌കാരങ്ങളാണ് ഇന്റീരിയറിലും പ്രതീക്ഷിക്കുന്നത്. വലിപ്പമേറിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഇടംപിടിച്ചേക്കാം. എങ്കിലും വാഹനത്തിന്റെ സാങ്കേതിക വശങ്ങളിലെ മാറ്റങ്ങള്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഫ്ലെക്സ് ഫ്യൂവല്‍ പതിപ്പ് അവതരിപ്പിക്കാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ സാധാരണ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ലഭ്യമാകുന്നത്. ഇവ യഥാക്രമം ഇ-സിവിടി (e-CVT), സിവിടി (CVT) ഗിയര്‍ബോക്സുകളുമായാണ് വരുന്നത്. VX (O) വേരിയന്റ് വരെ എട്ട് സീറ്റുകളുള്ള പതിപ്പ് ലഭ്യമാകുമ്പോള്‍, ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളായ ZX, ZX (O) എന്നിവ ഏഴ് സീറ്റുകളോടു കൂടി സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനത്തില്‍ മാത്രമാണ് ലഭിക്കുക.
പുത്തൻ ഭാവത്തിലും കൂടുതൽ ഫീച്ചറുകളിലും ഇന്നോവ ഹൈക്രോസ്; പരിഷ്‌കരിച്ച 2026 പതിപ്പ് നാളെ ഇന്ത്യൻ വിപണിയിൽ