ലാസ് വെഗാസ്: ഫോർമുല വൺ റേസിങ് ട്രാക്കുകളിലേക്ക് ഐതിഹാസികമായ വി8 എഞ്ചിനുകൾ തിരിച്ചെത്താൻ കളമൊരുങ്ങുന്നു. 2030-ഓടെയാവും വി8 എഞ്ചിനുകളുടെ വരവ്. ടീമുകൾക്കിടയിൽ ഇത് സംബന്ധിച്ച് ഏകകണ്ഠമായ ധാരണയിലെത്തി. 2013-ൽ വി8 യുഗം അവസാനിച്ചതോടെ ഫോർമുല വണ്ണിന് നഷ്ടമായ എൻജിൻ ശബ്ദം പുതിയ തീരുമാനത്തോടെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര ഓട്ടോമൊബൈൽ ഫെഡറേഷൻ, ഫോർമുല വൺ ടീമുകൾ, ഫോർമുല വൺ മാനേജ്മെന്റ്, പവർ യൂണിറ്റ് നിർമാതാക്കൾ എന്നിവർ പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻഷിപ്പിന്റെ സാങ്കേതിക ദിശയിലുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വി8 പവർ യൂണിറ്റുകളുടെ തിരിച്ചുവരവ് സംബന്ധിച്ച കൂടുതൽ വിശദമായ നിർദേശങ്ങൾ അവതരിപ്പിക്കുന്നതിനായി എഫ്.ഐ.എയുടെ വേൾഡ് മോട്ടോർ സ്‌പോർട്ട് കൗൺസിൽ അടുത്ത മാസം ഷാങ്ഹായിൽ യോഗം ചേരും.
ഫോർമുല വണ്ണിനെ അതിന്റെ തനതായ പാരമ്പര്യവുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള സുപ്രധാന അവസരമാണിതെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബിൻ സുലായം വിശേഷിപ്പിച്ചു. ഭാരം കുറഞ്ഞതും ലളിതവും ചെലവ് കുറഞ്ഞതുമായ കാറുകൾ വികസിപ്പിക്കുക, ഒപ്പം ഡ്രൈവർമാരുടെ വൈദഗ്ധ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പവർ യൂണിറ്റ് സാങ്കേതികവിദ്യ ലളിതമാക്കുന്നതിനെക്കുറിച്ചും റേസിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഫോർമുല വണ്ണിൽ ഉയർന്നുവന്ന ചർച്ചകളുടെ ഫലമായാണ് ഈ എൻജിൻ മാറ്റം.
ലാസ് വെഗാസ് ഗ്രാൻഡ് പ്രീ വാരാന്ത്യത്തിലാണ് വി8 എഞ്ചിനുകളുടെ തിരിച്ചുവരവിന് വലിയ പിന്തുണ ലഭിച്ചത്. തത്ത്വത്തിൽ ധാരണയിലെത്തിയതായും വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും മക്‌ലാരൻ സി.ഇ.ഒ സാക് ബ്രൗൺ സ്ഥിരീകരിച്ചു. മെഴ്സിഡസ് ഡ്രൈവർ ജോർജ് റസ്സലും വി8 എഞ്ചിനുകൾ തിരികെ കൊണ്ടുവരാനുള്ള സാധ്യതയെ സ്വാഗതം ചെയ്തു. പഴയ ഫോർമുല വൺ കാറുകളുടെ ശബ്ദം തനിക്ക് രോമാഞ്ചം നൽകാറുണ്ടെന്നും മുൻ തലമുറ കാറുകളുടെ എൻജിൻ ശബ്ദം താൻ ഏറെ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കൽ പവർ കുറയ്ക്കുന്നതിനെക്കുറിച്ച് ചിലർക്ക് ആശങ്കയുണ്ടാകാമെങ്കിലും, ലോകത്തിലെ ഏറ്റവും വേഗമേറിയ റേസിങ് കാറുകൾ നിർമിക്കുന്നത് ഫോർമുല വൺ തുടരുമെന്ന് റസ്സൽ പ്രത്യാശ പ്രകടിപ്പിച്ചു.
നാല് തവണ ലോക ചാമ്പ്യനായ മാക്‌സ് വെർസ്റ്റപ്പനും നിർദിഷ്ട മാറ്റത്തെ പിന്തുണച്ചു. എങ്കിലും 2030-നുശേഷം താൻ ഫോർമുല വണ്ണിൽ തുടരുമോ എന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പ് നൽകിയില്ല. റെഡ് ബുള്ളുമായുള്ള വെർസ്റ്റപ്പന്റെ നിലവിലെ കരാർ 2030 അവസാനം വരെയാണ്. വി8 തിരിച്ചുവരവ് ഫോർമുല വണ്ണിന് ഗുണകരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ മാറ്റം തന്റെ ദീർഘകാല കരിയർ തീരുമാനങ്ങളെ സ്വാധീനിക്കുമോ എന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല.
2014-ൽ 1.6 ലിറ്റർ വി6 ടർബോ-ഹൈബ്രിഡ് പവർ യൂണിറ്റുകൾ അവതരിപ്പിക്കുന്നതിന് മുൻപ്, 2006 മുതൽ 2013 വരെയാണ് ഫോർമുല വൺ വി8 എഞ്ചിനുകൾ ഉപയോഗിച്ചിരുന്നത്. അന്തിമ മാനദണ്ഡങ്ങളും നടപ്പിലാക്കുന്ന രീതികളും സ്ഥിരീകരിക്കേണ്ടതുണ്ടെങ്കിലും, 2030-ലെ ഈ തിരിച്ചുവരവ് ഫോർമുല വണ്ണിന്റെ സാങ്കേതിക നിയമങ്ങളിൽ മറ്റൊരു മാറ്റത്തിന് തുടക്കം കുറിക്കും.
ഫോർമുല വണ്ണിലേക്ക് വി8 എഞ്ചിനുകൾ തിരിച്ചെത്തുന്നു; 2030-ൽ വരവെന്ന് റിപ്പോർട്ടുകൾ