സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം. എതിര്‍പ്പുകള്‍ ശക്തമായിരുന്നിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റാതിരുന്ന നേതൃത്വം ഇപ്പോള്‍ തോല്‍വിക്ക് ശേഷം നിലവിളിച്ചിട്ട് കാര്യമില്ലെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും യോഗത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കീഴ്ഘടകങ്ങളെ നോക്കുകുത്തിയാക്കിയതാണ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറിയേറ്റ് മുതല്‍ മണ്ഡലം കമ്മിറ്റി വരെ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ എതിര്‍പ്പ് തുറന്നുപറഞ്ഞിരുന്നു. ഇത് നേരിട്ട് കേട്ടവരാണ് സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും. വിമര്‍ശകര്‍ അന്ന് എന്താണോ ഉന്നയിച്ചത്, അതുതന്നെയാണ് തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്. നേതാക്കളുടെ ഈ വീഴ്ചകളുടെ ഫലമാണ് ഇന്ന് പാര്‍ട്ടി അനുഭവിക്കുന്നത്. എന്നാല്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പാളിച്ചയെക്കാള്‍ തോല്‍വിക്ക് കാരണമായത് തീവ്രമായ വിഭാഗീയതയാണെന്നും, അവിടെ ചെറിയ ചികിത്സകള്‍ മതിയാകില്ലെന്നും സംഘടനാ തലത്തില്‍ ശക്തമായ അഴിച്ചുപണി അനിവാര്യമാണെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒപ്പം നിന്ന് പാലം വലിച്ചവരെ ഇനിയും വിശ്വസിക്കരുതെന്നും, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകുന്നതിലും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
യോഗത്തില്‍ സംസ്ഥാന റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ജില്ലാ റിപ്പോര്‍ട്ട് കെ.കെ. രാഗേഷുമാണ് അവതരിപ്പിച്ചത്. ഇതിനുപുറമെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിനില്‍ക്കെ 'പിഎം ശ്രീ' പദ്ധതിയില്‍ ഒപ്പുവെച്ചതിലും വലിയ മണ്ടത്തരം വേറെന്താണെന്ന ചോദ്യം പിണറായിയുടെ മുഖത്തുനോക്കി ഉന്നയിക്കപ്പെട്ടു. ഇത് 'സിപിഎം - ബിജെപി ഡീല്‍' എന്ന നട്ടാല്‍ക്കുരുക്കാത്ത നുണപ്രചരണത്തിന് സാധുത നല്‍കുകയും ന്യൂനപക്ഷങ്ങളെയാകെ മുന്നണിയില്‍ നിന്നും അകറ്റുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരള ഫണ്ട് കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവെക്കുകയോ, അല്ലെങ്കില്‍ അക്കാര്യം തുറന്നപറഞ്ഞ് ശക്തമായ പ്രതിഷേധത്തിന് ശേഷം മാത്രം ഒപ്പിടുകയോ ചെയ്യണമായിരുന്നു. ഘടകകക്ഷിയായ സിപിഐയെ വരെ പരസ്യമായി ഉറഞ്ഞുതുള്ളാന്‍ അവസരമുണ്ടാക്കിക്കൊടുത്തിട്ട് ഇപ്പോള്‍ 'തെറ്റ് പറ്റി' എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും പ്രതിനിധികള്‍ ചോദ്യം ചെയ്തു.
ആദ്യ ദിവസം മൂന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഏരിയാ കമ്മിറ്റികള്‍ക്ക് 12 മിനിറ്റ് വീതമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരുന്നത്. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലും യോഗത്തില്‍ ചര്‍ച്ച നടന്നു.
'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച്ചിട്ട് എന്ത് കാര്യം; സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ അതിരൂക്ഷ വിമര്‍ശനം