കോഴിക്കോട് : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും ചികിത്സയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. സംസ്ഥാനത്ത് ഇതുവരെ 9 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.
44 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. 9 പേർ രോഗം ബാധിച്ച് മരിച്ചു. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്-6, തൃശൂര്‍-5, പാലക്കാട്-5, എറണാകുളം-4, തിരുവനന്തപുരം-3, കൊല്ലം-2, പത്തനംതിട്ട-2, കോട്ടയം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. അതേസമയം മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് ചികിത്സ മുടങ്ങാതിരിക്കാനായി രോഗികള്‍ക്ക് നല്‍കിയാണ് ഇപ്പോള്‍ താല്‍കാലിക പരിഹാരം കാണുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.