അർജുൻ ആയങ്കിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം; ഷാജറിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവ് എം. ഷാജർ, അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും മറ്റ് ആരോപണങ്ങളിലും അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടാണ് പരാതി നൽകിയത്.
പൊതുസമൂഹത്തിൽ ചർച്ചയാകുന്ന വിഷയങ്ങളിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പ്രത്യേകിച്ച്, സ്വർണക്കടത്തുമായി സംബന്ധമായ കേസുകളിൽ ആരോപണവിധേയനായ അർജുൻ ആയങ്കിയുമായി ഷാജറിന് ബന്ധമുണ്ടായിരുന്നോയെന്നും, അത്തരം ബന്ധങ്ങൾക്ക് സാമ്പത്തിക ഇടപാടുകളോ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായുള്ള ബന്ധമോ ഉണ്ടായിരുന്നോയെന്നും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ, അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഷാജറിന്റെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്താൻ ബന്ധപ്പെട്ട അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി വിശദമായ പരിശോധന നടത്തണമെന്നും പരാതിയിൽ പറയുന്നു.
ഷാജർ കണ്ണൂർ ടൗൺ പ്രദേശത്ത് ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്നതായി പറയപ്പെടുന്ന വീട് സ്വന്തമാക്കിയെന്ന തരത്തിലുള്ള പൊതുചർച്ചകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സുകൾ, സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എന്നിവ നിയമാനുസൃതമാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അന്തിമ ആരോപണങ്ങളല്ലെന്നും, വസ്തുതകൾ കണ്ടെത്തുന്നതിനായി നിയമപരമായ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്നും രാഹുൽ വെച്ചിയോട്ട് വ്യക്തമാക്കി.
അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഷാജറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.