കണ്ണൂർ മുന്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി അനുശോചിച്ചു. യുവ രാഷ്ട്രീയ പ്രവർത്തകരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നേതാവായിരുന്നു സതീശന്‍ പാച്ചേനിയെന്ന് എ.കെ ആന്‍റണി പറഞ്ഞു. കെഎസ് യു കാലഘട്ടം മുതൽ സതീശൻ പാച്ചേനിയെ അറിയാം. അദ്ദേഹത്തിന്‍റെ ഊർജസ്വലതയും ത്യാഗസന്നദ്ധതയും എടുത്തുപറയേണ്ട കാര്യമാണ്. കണ്ണൂർ ജില്ലയിൽ കോൺഗ്രസിനെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവാണ് സതീശൻ പാച്ചേനി. കണ്ണൂർ ഡിസിസിക്ക് പുതിയ കെട്ടിടം നിർമ്മിക്കാന്‍ പണം തികയാതെ വന്നപ്പോൾ സ്വന്തം വീട് പോലും പണയപ്പെടുത്തിയാണ് സതീശൻ പാച്ചേനി അത് പൂർത്തിയാക്കിയത്. അത്രമാത്രം പാർട്ടിയെ സ്‌നേഹിച്ച നേതാവാണ് അദ്ദേഹം. കണ്ണൂരിലെ സംഘർഷമേഖലകളിൽ എരിതീയിൽ എണ്ണയൊഴിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. സംഘർഷത്തെ തണുപ്പിക്കാൻ മാത്രമാണ് അദ്ദേഹം എന്നും ശ്രമിച്ചത്. സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നതിലും പാച്ചേനി ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്‍റെ അകാലവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എ.കെ ആന്‍റണി പറഞ്ഞു.