തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ് സെമി ഫൈനൽ ഉറപ്പിച്ചു. അവസാന ഓവറുകളിലേക്ക് ആവേശം നീണ്ട മത്സരത്തിൽ, കൊല്ലം ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ തൃശൂർ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഫോമിലുള്ള അഭിഷേക് ജെ. നായരെയും (1) ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനെയും (6) തുടക്കത്തിലേ പുറത്താക്കി തൃശൂരിന്റെ ശരത്ചന്ദ്രപ്രസാദ് മികച്ച തുടക്കം നൽകി. എന്നാൽ തകർപ്പൻ അർദ്ധസെഞ്ച്വറിയോടെ ആനന്ദ് കൃഷ്ണൻ (65) കൊല്ലത്തിന് ജീവൻ നൽകി. അർജുൻ വേണുഗോപാലിന്റെ (31) പ്രകടനവും കൂടിയായതോടെ കൊല്ലം സ്കോർ 160-ൽ എത്തി. തൃശൂരിനായി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് 96 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായി. ജയിക്കാൻ 35 പന്തുകളിൽ 65 റൺസ് വേണമെന്നിരിക്കെ, മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ നിഖിൽ തോട്ടത്തിൽ (22 പന്തിൽ 41*), എസ്. ഷാരോൺ എന്നിവരുടെ കൂട്ടുകെട്ടാണ് കളി തിരിച്ചത്. ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ 21 റൺസ് അടിച്ച് ഇരുവരും തൃശൂരിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്ത് സിക്സറിന് പറത്തി മുഹമ്മദ് ഇനാൻ (5 പന്തിൽ 17*) തൃശൂരിന് തകർപ്പൻ വിജയം സമ്മാനിച്ചു.