മർദനമേറ്റ് മരിച്ച വിനോദിന്‍റെ വീട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദർശിച്ചു; 1 ലക്ഷം രൂപ കോണ്‍ഗ്രസ് കമ്മിറ്റി ധനസഹായം നല്‍കും

Jaihind Webdesk
Saturday, July 13, 2019


വാഹനത്തിന്‍റെ അമിത വേഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തില്‍ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിനോദിന്‍റെ വീട് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. വിനോദിന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനമേറ്റ വടകര ചോറോട് സി.കെ വിനോദ് ഇന്നലെ രാവിലെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വിലെയാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിനോദിന്‍റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടത്. വിനോദിന്‍റെ ഭാര്യ പ്രബിത, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരെ അദ്ദേഹം ആശ്വസിപ്പിച്ചു. ഗൾഫിലായിരുന്ന വിനോദ് നാട്ടിലെത്തിയശേഷം നിർമാണമേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. നിർധന കുടുംബത്തിന് കോൺഗ്രസ് കമ്മിറ്റി 1 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി മാഹി ആശുപത്രിക്ക് സമീപത്ത് വെച്ച് അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവറോട് വിനോദും സുഹൃത്തും തർക്കമുണ്ടാവുകയും, ഡ്രൈവറുടെ മർദനത്തിൽ വിനോദിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. മർദ്ദിച്ച ഡ്രൈവറേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ഐമൂസയും കെ.പി.സി.സി  പ്രസിഡന്‍റിനൊപ്പം വിനോദിന്‍റെ വീട് സന്ദർശിച്ചു.