എസ്.എഫ്.ഐ നേതാക്കളെ ലണ്ടനിലേക്കല്ല, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയക്കേണ്ടത് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, December 10, 2019

Mullapaplly-Ramachandran

കെ.എസ്.യു പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവരെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കുട്ടിനേതാക്കളെ പരിശീലനത്തിന് ലണ്ടനിലേക്ക് അയയ്ക്കുന്നതിന് പകരം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള സര്‍വകലാശാലാ, കോളജ് യൂണിയന്‍ നേതാക്കളുടെയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കപ്പെടേണ്ടതാണെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.

75 കുട്ടിനേതാക്കളെ 1.25 കോടി രൂപ ചെലവഴിച്ച് ഒരാഴ്ചത്തേക്ക് ലണ്ടനില്‍ അയക്കുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഒന്നാന്തരമൊരു ഉല്ലാസയാത്ര എന്നതിനപ്പുറം അതുകൊണ്ടുള്ള പ്രയോജനമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വകാര്യമേഖലയിലെ കോളേജുകളെ ഒഴിവാക്കിയത് വിവേചനമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയും കുട്ടിനേതാക്കളും വിദേശയാത്ര നടത്തുമ്പോള്‍ പ്രളയത്തില്‍ ഒലിച്ചുപോയ കവളപ്പാറയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയ കാര്യം ആകാശസഞ്ചാരികള്‍ മറക്കരുത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതിദുരന്തങ്ങളിലും പെട്ട് നട്ടം തിരിയുന്ന ജനം ആകാശസഞ്ചാരികള്‍ നിലത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാരിന്‍റെ ദുര്‍വ്യയത്തിനെതിരെ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ വരെ രംഗത്തുവന്നിരിക്കുമ്പോള്‍ ഇതിനെതിരെ ഉയരുന്ന ജനരോഷം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പാര്‍ട്ടിക്കാരെ മാത്രം തീറ്റിപ്പോറ്റുന്ന സംവിധാനമായി ഇടതുസര്‍ക്കാര്‍ മാറി. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനവും ജനങ്ങളും കടന്നുപോകുമ്പോള്‍ ഒരോ ചില്ലിക്കാശും അതീവ ജാഗ്രതയോടെ വേണം ചെലവഴിക്കാന്‍. എന്നാല്‍ അവസാന വര്‍ഷത്തിലേക്കു കടക്കുന്ന സര്‍ക്കാര്‍ ഹെലികോപ്റ്ററും ബുള്ളറ്റ് പ്രൂഫ് കാറും ഉള്‍പ്പെടെയുള്ള ആര്‍ഭാടങ്ങളില്‍ അഭിരമിക്കുകയാണ്. ഇതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.