പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി എംഎൽഎയുടെ പരീക്ഷാ വാഹനം

Jaihind News Bureau
Wednesday, May 27, 2020

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി എംഎൽഎയുടെ പരീക്ഷാ വാഹനം. കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം ഒരുക്കിയ സൗജന്യ വാഹനമാണ് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്താൻ സഹായമായത്.

കൊവിഡ്-19 പശ്ചാത്തലത്തില്‍ മാറ്റിവെക്കപ്പെട്ട എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എന്നാൽ മതിയായ യാത്ര സൗകര്യം വിദ്യാർത്ഥികൾക്ക് ഇല്ല എന്ന പരാതിയും ഉയർന്നിരുന്നു. സ്വന്തമായി വാഹനം ഇല്ലാത്ത പല രക്ഷിതാക്കളും ടാക്സി വാഹനങ്ങളിലാണ് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി കാലത്ത് പല രക്ഷിതാക്കൾക്കും ഇത് ഇരട്ടി പ്രഹരമായി. ഈ സാഹചര്യത്തിലാണ് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം കൺട്രോൾ റൂം മുഖേന നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയത്. യാത്ര പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വലിയ ആശ്വാസമായി.

വിദ്യാര്‍ത്ഥികളെ സൗജന്യമായി സ്കൂളിൽ എത്തിക്കുകയും പരീക്ഷ കഴിഞ്ഞ് തിരിച്ച് എത്തിക്കുകയുമാണ് ചെയ്യുന്നത്. ബസ്സിൽ കയറുന്നതിന് മുമ്പ് സാനിറ്റൈസർ, മാസ്ക് എന്നിവയും വിദ്യാർഥികൾക്കായി കൺട്രോൾ റൂം വഴി നൽകുന്നുണ്ട്. പരീക്ഷ കഴിയുന്നത് വരെ ഈ സേവനം തുടരുമെന്ന് എംഎൽഎ അറിയിച്ചു.