പട്രോളിംഗിന് ഇറങ്ങിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് വീണ് മരിച്ചു

Jaihind News Bureau
Wednesday, April 8, 2020

മലപ്പുറം തിരൂരിൽ സിഐയുടെ നേതൃത്വത്തിൽ പട്രോളിംഗിന് ഇറങ്ങിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് വീണ് മരിച്ചു. മരിച്ചത് തിരൂർ കട്ടച്ചിറ സ്വദേശി ഓട്ടോ ഡ്രൈവറാറായ സുരേഷ് ആണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിരൂർ കട്ടചിറയിൽ ഇന്നലെ വൈകുന്നേരം 7 മണിയോടയാണ് സംഭവം. .കട്ടച്ചിറ സ്വദേശി നെടുമ്പറത്ത് സുരേഷാണ് മരിച്ചത്.നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരൂർ സിഐയുടെ നേതൃത്വതിൽ പട്രോളിംഗിനിടെ സുരേഷ് അടങ്ങുന്ന ഏഴംഗ സംഘം കട്ടച്ചിറയില്‍ റോഡരികില്‍ ഒന്നിച്ച് കൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെ സുരേഷും മറ്റൊരാളും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇന്ന് ഏഴുപേരും സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചതിന് ശേഷം കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് വിട്ടയച്ചിരുന്നു. സുരേഷിന്‍റെ ഒരു വിവരവും ലഭിക്കാതായതോടെ രാത്രിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീണു കിടക്കുന്ന രീതിയിൽ സുരേഷിനെ കണ്ടത്തിയത്. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ഏറെ വൈകിയാണ് പോലീസ് ആശുപത്രിയിൽ എത്തിയതെന്നും നാട്ടുകാർ പറയുന്നു.

പോസ്റ്റ്മോർട്ടം ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ വിദഗ്ധ ഡോക്ടർമാരാണ് നടത്തുന്നത്. പോസ്റ്റ്‌ മോർട്ടംറിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ. പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി യു അബ്ദുൽ കരീം അറിയിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംസരക്ഷണം നൽകേണ്ട പോലീസ് കോവിഡ് ജാഗ്രതയുടെ മറവിൽ പ്രാകൃത രീതിയിലേക്കും മനുഷ്യൻ്റെ ജീവൻ തന്നെ കൊലക്ക് കൊടുക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ആശങ്ക വർധിക്കുകയാണ്.