കോണ്‍ഗ്രസ് കടം എഴുതി തള്ളിയിട്ടില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍; വായ്പ ഇളവ് ലഭിച്ച 21 ലക്ഷം കര്‍ഷകരുടെ പട്ടിക വീട്ടില്‍ കൊണ്ടുകൊടുത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, May 7, 2019

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലേറിയ ഉടനെ കമല്‍നാഥ് സര്‍ക്കാര്‍ ഒപ്പിട്ടത് കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ഉത്തരവിലായിരുന്നു. ഇതിന്റെ ഗുണംലഭിച്ചത് 21 ലക്ഷത്തിലേറെ കര്‍ഷകര്‍ക്കും. നിയമസഭാതെരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്.

ഈ വേളയിലാണ് കോണ്‍ഗ്രസ് പറയുന്നത് നുണയാണെന്നും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയിട്ടില്ലെന്നും ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്രനേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയത്. ഇതിന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്. വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്റെ വീട്ടില്‍ കൊണ്ട് നല്‍കുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഈ പട്ടിക കൈമാറിയത്.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഉപകാരം ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷംപേരിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.