മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Jaihind News Bureau
Friday, April 24, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറിയാണ് കൈയ്യുടെ ഭാഗങ്ങൾ ലഭിച്ചത്. ഇവ തെരുവുനായ്ക്കൾ വലിച്ചുകൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ, സമീപത്തെ പാടശേഖരങ്ങളിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്നും കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അപകടത്തിന്റെ തീവ്രത സംബന്ധിച്ച ആശങ്കകൾ വർധിക്കുകയാണ്.

ദുരന്തഭൂമിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ പത്തംഗങ്ങളുള്ള വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ വീട്ടുപറമ്പുകളിലും മറ്റും വിശദമായ പരിശോധന നടത്തുന്നുണ്ട്. കൂടുതൽ അവശിഷ്ടങ്ങൾ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.

അതേസമയം, ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ (DNA) പരിശോധനാ ഫലങ്ങൾ നാളെ മുതൽ ലഭ്യമായിത്തുടങ്ങും. പരിശോധനകൾ വേഗത്തിലാക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിച്ചിട്ടുണ്ട്. നിലവിൽ കണ്ടെടുത്ത 29 ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ഇവയുടെ ഫലം പുറത്തുവരുന്നതോടെ മരണപ്പെട്ടവരെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.