ഖര്‍ഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല; ബിജെപിയുടെ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യം: തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്

Jaihind News Bureau
Friday, April 24, 2026

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കെതിരായ ബിജെപിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി കോണ്‍ഗ്രസ്. ഖര്‍ഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ബിജെപിയുടെ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഖര്‍ഗെ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസംഗത്തിലെ ഒരു വരി മാത്രം അടര്‍ത്തിയെടുത്താണ് പരാതി നല്‍കിയിരിക്കുന്നത്. ഖര്‍ഗെയുടെ വിശദീകരണം ഇതിനോടകം പൊതുമധ്യത്തിലുണ്ട്.

നോട്ടീസിന് മറുപടി നല്‍കാന്‍ വെറും 24 മണിക്കൂര്‍ മാത്രം അനുവദിച്ചത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വ്യക്തമായ മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം കൂടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമിത് ഷാ തിരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും എന്നാല്‍ ബിജെപി നേതാക്കളുടെ ഇത്തരം നീക്കങ്ങള്‍ കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.