സർക്കാരിന് സി.ബി.ഐ പേടി ! പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്നത് 25 ലക്ഷം മുടക്കി

Jaihind Webdesk
Tuesday, October 29, 2019

പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ സർക്കാർ ഇറക്കുന്നത് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകന്‍ രഞ്ജിത് കുമാറിനെ. ഡല്‍ഹിയില്‍ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് വേണ്ടി 25 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അതേസമയം കൊലപാതകങ്ങളില്‍ പാർട്ടിക്ക് പങ്കില്ലെങ്കില്‍ പിന്നെ സർക്കാര്‍ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

മുന്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ രഞ്ജിത് കുമാറിനാണ് ഒരു സിറ്റിംഗിന് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വാദിക്കാനാണ് 25 ലക്ഷം രൂപ നല്‍കി സുപ്രീം കോടതി അഭിഭാഷകനെ പിണറായി സർക്കാര്‍ കൊണ്ടുവരുന്നത്. ഫീസ് തുക ആവശ്യപ്പെട്ട് എ.ജി നല്‍കിയ കത്തിന് പിന്നാലെ തുക അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17 നാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയത്. പെരിയ കൊലപാതകം സി.പിഎം ആസൂത്രണം ചെയ്തതെന്ന ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്നും അല്ലെങ്കില്‍ പ്രതികളായ പീതാംബരന്‍, ജിജിന്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരെ ഉദുമയിലെ പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു. പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടായതിനാല്‍ കേസന്വേഷണം നിഷ്പക്ഷമാകാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി. ഷുഹൈബ് കൊലക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ വാദിക്കാൻ 50 ലക്ഷം രൂപ മുടക്കിയാണ് സർക്കാർ അഭിഭാഷകനെ ഇറക്കിയത്. അതേസമയം പെരിയ കേസിൽ സർക്കാർ ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കേസിൽ 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ കൊണ്ടുവന്നത് പ്രതികളെ രക്ഷിക്കാനാണന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ സർക്കാര്‍ സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.