‘ഹൈദരലി തങ്ങള്‍ മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃക’; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, March 7, 2022

മലപ്പുറം : അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്‌ രാഹുൽ ഗാന്ധി. മനുഷ്യ സ്‌നേഹത്തിന്‍റെ ഉദാത്ത മാതൃകയാണ് ഹൈദരലി തങ്ങൾ എന്ന് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ അനുശോചന കുറിപ്പും അദ്ദേഹം കൈമാറി.

തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് രാഹുൽ ഗാന്ധി പാണക്കാട് കോടപ്പനക്കൽ തറവാട്ടിൽ എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം രാഹുൽ ഗാന്ധി ഏറെ നേരം ചിലവഴിച്ചു. കേരളം കണ്ട മഹദ് വ്യക്തികളിലൊരാളാണ് ഹൈദരലി തങ്ങൾ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുഡിഎഫ് എന്ന മഹാ പ്രസ്ഥാനത്തിന്‍റെ മറക്കാനാവാത്ത, വിസ്മരിക്കാനാവാത്ത നേതാവ് തന്നെയായിരുന്നു തങ്ങള്‍. തങ്ങളുടെ വിയോഗം വലിയ നഷ്ടം തന്നെയാണ് കേരളീയ സമൂഹത്തിന് ഉണ്ടാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സോണിയാ ഗാന്ധിയുടെ അനുശോചന കുറിപ്പ് പി.കെ കുഞ്ഞാലി കുട്ടി വായിച്ചു കേൾപ്പിച്ചു. തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പാണക്കാട് എത്തിയ രാഹുൽ ഗാന്ധിക്ക് സാദിഖ് അലി തങ്ങൾ നന്ദി അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എന്നിവരും രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു.